ബോധവല്‍ക്കരണ ക്ലാസിലെ പ്രതീകാത്മക നമസ്‌കാരം; അധ്യാപകനു നേരെ ഹിന്ദുത്വരുടെ ആക്രമണം
അഹമ്മദാബാദ്: സ്വകാര്യ സ്‌കൂളില്‍ മതാഘോഷങ്ങളെ കുറിച്ച് നടത്തിയ ബോധവല്‍ക്കരണത്തിനിടെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതീകാത്മക നമസ്‌കാരം വിവാദമാക്കുകയും അധ്യാപകനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം ഘട്‌ലോഡിയ ഏരിയയിലെ കലോറെക്‌സ് ഫ്യൂച്ചര്‍ സ്‌കൂളിലെ അധ്യാപകനെയാണ് പുറത്തുനിന്നെത്തിയ ഒരു സംഘം ബജ്‌റങ്ദള്‍, എബിവിപി പ്രവര്‍ത്തകര്‍ പരസ്യമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോ വന്‍തോതില്‍ പ്രചരിക്കുന്നുണ്ടെങ്കിലും പോലിസ് കേസെടുത്തിട്ടില്ല. അതേസമയം, ബോധവല്‍ക്കരണ പരിപാടിയില്‍ നമസ്‌കാരം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു.
നബിദിനത്തോടനുബന്ധിച്ചു നടത്തിയ ബോധവല്‍ക്കരണത്തിലെ പ്രതീകാത്മക പ്രാര്‍ഥനയെ ചൊല്ലിയാണ് വിവാദമുണ്ടാക്കിയത്. വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങ സമയങ്ങളില്‍ വ്യത്യസ്ത മതങ്ങളെക്കുറിച്ചും മതപരമായ ആചാരങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്താറുണ്ടെന്നും ഇത്തവണയും അതാണ് നടത്തിയതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീരാലി ദഗ്ലി പറഞ്ഞു. മിലാദ് പ്രമാണിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായാണ് ഇത്തരമൊരു പരിപാട് സംഘടിപ്പിച്ചത്. സംവല്‍സരി, ഗണേശ ചതുര്‍ഥി ഉള്‍പ്പെടെ എല്ലാ മതങ്ങളുടെയും ഉല്‍സവങ്ങള്‍ക്ക് മുന്നോടിയായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഒരു വിദ്യാര്‍ഥിയെയും നമസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ഇത് വെറും രണ്ട് മിനിറ്റ് പരിപാടിയായിരുന്നു. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങിയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ നീരാലി ദഗ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് വീഡിയോ പ്രചരിച്ചത്. െ്രെപമറി വിഭാഗത്തിലെ ഒരു വിദ്യാര്‍ഥി നമസ്‌കരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മറ്റു നാല് വിദ്യാര്‍ഥികള്‍ മുസ് ലിം വേഷത്തില്‍ ലോകപ്രശസ്ത ഇന്ത്യന്‍ ഉറുദുകവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ എഴുതിയ 'ലബ് പേ ആത്തി ഹേ ദുവാ' എന്ന പ്രാര്‍ഥന ആലപിക്കുന്നതും വീഡിയോയിലുണ്ട്. ഒരു അധ്യാപകന്‍ സംഗീതോപകരണം വായിക്കുന്നതും കാണം.
വീഡിയോ പ്രചരിച്ചതോടെ എബിവിപി, ബജ്‌റങ്ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ സ്‌കൂള്‍ കോംപൗണ്ടില്‍ അതിക്രമിച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് പരിപാടിയിലെ വീഡിയോയില്‍ സംഗീതോപകരണം വായിക്കുന്ന അധ്യാപകനെ മര്‍ദ്ദിച്ചത്. ചാനലുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നിലിട്ടാണ് അധ്യാപകനെ ആക്രമിച്ചത്. എന്നാല്‍, മര്‍ദ്ദനത്തില്‍ ഇതുവരെ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. വിവിധ മതങ്ങളുടെ ആചാരങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും ഒരു വിദ്യാര്‍ഥിയെയും ഇസ് ലാമിക പ്രാര്‍ഥന നടത്താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും ക്ഷമാപണത്തില്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ച് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്ന് സംശയിക്കുന്നതായി ഗുജറാത്ത് വിദ്യാഭ്യാസ സഹമന്ത്രി പ്രഫുല്‍ പന്‍ഷേരിയ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്നുപോലും അറിയില്ലായിരിക്കാം. ഇത് ഒരിക്കലും അനുവദനീയമല്ല. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിലെ മാനസികാവസ്ഥയും ഉദ്ദേശ്യവും കണ്ടെത്താന്‍ ഞങ്ങള്‍ അന്വേഷണം നടത്തും. തുടര്‍ന്ന് ഉചിതമായ നടപടി സ്വീകരിക്കും. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് മാപ്പ് പറയുകയും ഹിന്ദു വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി ഗുജറാത്ത് എബിവിപി മീഡിയ കോര്‍ഡിനേറ്റര്‍ മീറ്റ് ഭാവ്‌സര്‍ പറഞ്ഞു.