ലഖ്‌നോ ലുലു മാളിനെതിരായ പ്രചാരണം; അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് യോഗി ആദിത്യനാഥ്

Update: 2022-07-19 11:40 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നോവില്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു മാളിനെ തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. ബോധപൂര്‍വം മതസ്പര്‍ധയും വിദ്വേഷവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ലുലു മാളിനെ വിവാദകേന്ദ്രമാക്കാനും അനാവശ്യ പ്രസ്താവനകള്‍ ഇറക്കി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളെ വഴിതടയാനും ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണ്.

അധികൃതര്‍ ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും ഒരുവിഭാഗം പ്രകോപനം തുടരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലഖ്‌നോ ഭരണകൂടം വിഷയം വളരെ ഗൗരവമായി കാണണം. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയുള്ള പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. ലുലു മാളിന്റെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കണമെന്നും യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജൂലൈ 10ന് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ഷോപ്പിങ് മാളിനെതിരേ ദിവസങ്ങള്‍ക്കുള്ളില്‍ ഹിന്ദു മഹാസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

മാളില്‍ പരസ്യമായി മുസ്‌ലിം വിഭാഗക്കാര്‍ ആരാധന നടത്തുന്നുവെന്നും മുസ്‌ലിം വിഭാഗക്കാരാണ് ജോലിക്ക് കൂടുതലെന്നും പ്രചാരണം നടന്നു. മാള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ചില സംഘടനകള്‍ നടത്തി. ജൂലൈ 12ന് മാളില്‍ നമസ്‌കരിച്ചെന്നാരോപിച്ച് നാലുപേരെ പോലിസ് അറസ്റ്റുചെയ്തു. മാളില്‍ നമസ്‌കരിച്ചതിലൂടെ മതവികാരം വ്രണപ്പെട്ടെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നതിനെത്തുടര്‍ന്നാണ് കേസെടുത്തത്.

അതിനിടെ, മാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലുവെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടനകളും നിലയുറപ്പിച്ചു. മാളിനുള്ളില്‍ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ശ്രമിച്ചതിന് മൂന്ന് പേരെ ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ മൂന്ന് പേരും ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണെന്ന് പോലിസ് പറഞ്ഞു. മാളിന്റെ പ്രവേശന കവാടത്തിലാണ് ഇവരെ തടഞ്ഞത്. ലുലു മാളിനെ സംഘര്‍ഷകേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് ഹിന്ദുത്വസംഘടനകള്‍ നടത്തിവന്നത്. മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ലുലു മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.

Tags:    

Similar News