കേരള ലോ അക്കാദമിയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; നാലുപേർക്ക് പരിക്ക്
കെഎസ്‌യു യൂനിറ്റ് വൈസ് പ്രസിഡന്റ് സുഹൈലിനും യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ വിഘ്നേശ്, ബിബിൻ, രോഹിത് തുടങ്ങിയവർക്ക് നേരെയാണ് വധശ്രമം ഉണ്ടായതെന്ന് കെഎസ്‌യു നേതാക്കൾ അറിയിച്ചു.
തിരുവനന്തപുരം: കേരള ലോ അക്കാദമിയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. നാല് കെഎസ്‌യു പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാൾക്ക് പിന്നിൽ നിന്നും കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
കെഎസ്‌യു യൂനിറ്റ് വൈസ് പ്രസിഡന്റ് സുഹൈലിനും യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ വിഘ്നേശ്, ബിബിൻ, രോഹിത് തുടങ്ങിയവർക്ക് നേരെയാണ് വധശ്രമം ഉണ്ടായതെന്ന് കെഎസ്‌യു നേതാക്കൾ അറിയിച്ചു.
കമ്പിവടി, കത്തി തുടങ്ങിയ മാരക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇടിക്കട്ടയും ഇരുമ്പുവടിയും കത്തിയും കൊണ്ടുള്ള മർദ്ദനത്തിൽ തലയ്ക്കും മാരകമായി മുറിവേറ്റു. വിഘ്നേശിനാണ് മുതുകത്തു കത്തികൊണ്ട് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.