തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാര്‍ഡുകള്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാര്‍ഡുകള്‍, വര്‍ക്കല മുനിസിപ്പാലിറ്റിയിലെ 24ാം വാര്‍ഡ് എന്നിവിടങ്ങളിലാണു കര്‍ശന ലോക്ഡൗണ്‍. ഇന്ന് അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍വരുമെന്നു ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീര്‍ അറിയിച്ചു.
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി നാലാം വാര്‍ഡില്‍ 8.69 ഉം അഞ്ചാം വാര്‍ഡില്‍ 8.29 ഉം 10ാം വാര്‍ഡില്‍ 8.6 ഉം ആണ് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ. നെടുമങ്ങാട് മുനിസിപ്പാലിറ്റി 14ാം വാര്‍ഡില്‍ 15.77, 20ാം വാര്‍ഡില്‍ 16.68, വര്‍ക്കല മുനിസിപ്പാലിറ്റി 24ാം വാര്‍ഡില്‍ 10.14 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ രോഗവ്യാപന തോത്. കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ഇവ തുറന്നു പ്രവര്‍ത്തിക്കാം.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപുലേഷന്‍ റേഷ്യോ എട്ടു ശതമാനത്തില്‍ താഴെ എത്തിയതിനാല്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി 28ാം വാര്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായും എ.ഡി.എം. അറിയിച്ചു.