വിഴിഞ്ഞം ചേരിയിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ വിമെന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വര്‍ഷമായി ഒറ്റമുറി ടാര്‍പോളിന്‍ കൂരയില്‍ നരകയാതന അനുഭവിക്കുന്ന വിഴിഞ്ഞം ചേരിയിലെ മല്‍സ്യത്തൊഴിലാളികളെ വിമെന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ സന്ദര്‍ശിച്ചു. പതിനഞ്ച് മാസം കൊണ്ട്് പണി പൂര്‍ത്തിയാക്കി ഫലാറ്റ് കൈമാറുമെന്ന് അറിയിച്ച് ചേരിയിലേക്ക് മാറ്റിയ 320 കുടുംബങ്ങളാണ് നരകയാതന അനുഭവിക്കുന്നത്. എസ്ഡിപിഐ നിരന്തര സമരത്തിലൂടെ പണി പൂര്‍ത്തിയാക്കിയ ഫ്‌ലാറ്റിന്റെ ഉദ്ഘാടനം കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫ്‌ലാറ്റ് ലഭിക്കാന്‍ ഒരോ കുടുംബങ്ങളില്‍ നിന്ന് 54000 രൂപ വരെ അന്യായമായി കോര്‍പറേഷന്‍ വാങ്ങിയിരിക്കുകയാണ്. ആദ്യം സൗജന്യമായി ഫ്‌ലാറ്റുകള്‍ നല്‍കുമെന്നാണ് കോര്‍പറേഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അന്യായമായി നിര്‍ധന മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കുന്നു. പണം വാങ്ങിയത് എന്തിനാണെന്ന് അറിയില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍ കുടുംബങ്ങള്‍ പറഞ്ഞു.
മല്‍സ്യത്തൊഴിലാളികളുടെ ഏത് ആവശ്യത്തിലും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് രംഗത്തുണ്ടാവുമെന്ന് സന്ദര്‍ശന ശേഷം നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി സബീന ലുഖ്മാന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.