തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

Update: 2020-10-30 14:59 GMT
തൃശൂര്‍: ജില്ലയില്‍ കൊവിഡ്-19 വ്യാപനം കൂടിയ സാഹചര്യത്തില്‍ സിആര്‍പിസി 144 പ്രകാരം ഒക്ടോബര്‍ 3 മുതല്‍ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നീ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഈ നിന്ത്രണങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ 15 വരെ ബാധകമായിരിക്കും.


വിവാഹ ചടങ്ങുകളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും മാത്രമേ കൂടിച്ചേരാവൂ. സര്‍ക്കാര്‍ പരിപാടികള്‍, മതചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ കൂടിച്ചേരാവൂ. ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, കടകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്മെന്റുകള്‍, വ്യവസായങ്ങള്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ഈ ഉത്തരവ് ജില്ലാ പോലിസ് മേധാവികള്‍ നടപ്പിലാക്കേണ്ടതാണെന്നും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ അവരുടെ അധികാര പരിധികളില്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. പൊതുചന്തകള്‍ അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ഈ ഉത്തരവ് നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും മറ്റ് അവശ്യ സര്‍വീസുകളില്‍പ്പെട്ടവര്‍ക്കും ബാധകമായിരിക്കില്ല.




Similar News