മാള: കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷയരോഗമുക്ത കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കിയതിന് പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിന് അക്ഷയ കേരളം പുരസ്‌കാരം ലഭിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും സര്‍വേ നടത്തി ക്ഷയരോഗം പിടിപ്പെടാന്‍ സാധ്യതയുള്ള 544 പേരുടെ ലിസ്റ്റ് തയ്യാറാക്കി. ലക്ഷണങ്ങള്‍ ഉള്ളവരെ സ്‌ക്രീനിങിന് വിധേയരാക്കിയും കഫ പരിശോധന നടത്തുകയും ചെയ്തു. കൂടാതെ രോഗബാധിതരെ കണ്ടെത്തി ആശാ പ്രവര്‍ത്തകരുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ മുടക്കം കൂടാതെ മരുന്നുകള്‍ നല്‍കി. പദ്ധതിയുടെ കൃത്യമായ പുരോഗതിക്ക് ഗ്രാമപഞ്ചായത്ത് തലത്തില്‍ ട്രീറ്റ്‌മെന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപീകരിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെച്ച് ആഴ്ചയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെയും നേതൃത്വത്തില്‍ പ്രതിമാസ അവലോകനയോഗവും കൃത്യമായി നടത്തിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ലോകാരോഗ്യ സംഘടനാ ടീമും മറ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാനതല ടീമും പുത്തന്‍ചിറയിലേത് മാതൃകാ പ്രവര്‍ത്തനങ്ങളാണെന്ന് പ്രശംസിക്കുകയും ദേശീയ തലത്തില്‍ അനുകരണീയമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി വി ബിനു, പദ്ധതിയുടെ നോഡല്‍ ഓഫിസറായിരുന്ന ഡോ. ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരിദാസ്, ജെഎച്ച്‌ഐമാരായ പ്രകാശന്‍, സാബു, സുമേഷ് ബാബു, സിഎച്ച്‌സിയിലെ മറ്റു ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അകമഴിഞ്ഞ പിന്തുണയും നല്‍കി.
Akshaya Kerala Award for Puthanchira Grama Panchayath