വെണ്ണൂര്‍ത്തുറ പുനരുദ്ധാരണം: ഉടമകളെ അറിയിക്കാതെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതായി പരാതി

സര്‍വ്വേ നടപടികളുടെ ഭാഗമായി പുറമ്പോക്ക് കണ്ടെത്തുന്നതിനായാണ് സ്ഥലം അളക്കുന്നതും കല്ലുകള്‍ സ്ഥാപിക്കുന്നതും.

Update: 2022-01-30 13:09 GMT
മാള: വെണ്ണൂര്‍ത്തുറ പുനഃരുദ്ധാരണത്തിന്റെ ഭാഗമായി ഓക്‌സ്‌ബോ തടാകത്തിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഉടമകളെ അറിയിക്കാതെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതായി പരാതി. സര്‍വ്വേ നടപടികളുടെ ഭാഗമായി പുറമ്പോക്ക് കണ്ടെത്തുന്നതിനായാണ് സ്ഥലം അളക്കുന്നതും കല്ലുകള്‍ സ്ഥാപിക്കുന്നതും. പദ്ധതിയെക്കുറിച്ച് വിവരങ്ങള്‍ കൈമാറുകയോ സ്ഥലം അളക്കുന്നത് സംബന്ധിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഉടമകളുടെ ആക്ഷേപം. തടാകത്തിലേക്ക് പ്രളയത്തിലും അല്ലാതെയും പലപ്പോഴായി സ്ഥലം ഇടിഞ്ഞുപോയിട്ടുണ്ടെന്നും കൈയേറ്റം നടത്തിയിട്ടില്ലെന്നും ഉടമകള്‍ വ്യക്തമാക്കുന്നു. ഈ തണ്ണീര്‍ത്തടം സംരക്ഷിക്കുന്നതിനും പദ്ധതി വരുന്നതിനും എതിരല്ലെന്നും മുന്നറിയിപ്പില്ലാതെ സ്വന്തം സ്ഥലം അളന്നെടുക്കുന്നതിലാണ് പരാതിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വെണ്ണൂര്‍ത്തുറ പുനഃരുദ്ധാരണത്തിന്റെ മുന്നോടിയായി പുറമ്പോക്ക് അളന്ന് കണ്ടെത്തുന്ന നടപടികളാണ് നടന്നിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പരാതികളുണ്ടെങ്കില്‍ തങ്ങള്‍ക്ക് നല്‍കാവുന്നതാണെന്നും ജില്ലാ സര്‍വേ സൂപ്രണ്ട് എസ് സുമ അറിയിച്ചു.
Tags:    

Similar News