മുംബൈ: വന്ദേ ഭാരത് എക്‌സ്പ്രസില്‍ കന്നുകാലികള്‍ ഇടിച്ച സംഭവത്തില്‍ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. പോത്തുകളുടെ ഉടമകള്‍ക്കെതിരേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കേസെടുത്തു. ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മുംബൈ സെന്‍ട്രല്‍- ഗാന്ധിനഗര്‍ വന്ദേ ഭാരത് ട്രെയിന്‍ അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള വത്വ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പുന്ത്‌നഗര്‍ പ്രദേശത്ത് പോത്തുകളെ ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ നാല് പോത്തുകള്‍ ചത്തിരുന്നു. എന്നാല്‍, അപകടത്തില്‍ ട്രെയിന്റെ ഡ്രൈവര്‍ കോച്ചിന് മുന്‍ഭാഗത്തുള്ള ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇതിന് പിന്നാലെയാണ് 1989 ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 147 പ്രകാരം പോത്തുടമകള്‍ക്കെതിരേ കേസെടുത്തത്. പോത്തുകളുടെ ഉടമകളെ കണ്ടെത്താന്‍ റെയില്‍വേ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ശ്രമങ്ങള്‍ തുടരുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. അപകടം നടന്ന് 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ സെമിഹൈ സ്പീഡ് ട്രെയിനിന്റെ ഡ്രൈവര്‍ കോച്ചിന്റെ മുന്‍ഭാഗത്തെ കവര്‍ മാറ്റി പുതിയത് സ്ഥാപിച്ചതായി പശ്ചിമ റെയില്‍വേ (ഡബ്ല്യുആര്‍) അറിയിച്ചു.
റെയില്‍വേയുടെ ഏതെങ്കിലും ഭാഗത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നതും സ്വത്ത് ദുരുപയോഗം ചെയ്യുന്നതും 1989 ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 147 പ്രകാരം കുറ്റകരമാണെന്ന് വത്വ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ശര്‍മ അറിയിച്ചു. അതിനിടെ, വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പശുവിനെ ഇടിച്ചും മുന്‍ഭാഗത്ത് കേടുപാടുകളുണ്ടായി. ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്‌റ്റേഷന് സമീപത്താണ് പുതിയ സംഭവം. റെയില്‍വേ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ട്രെയിന്റെ മുന്‍ഭാഗം ചളുങ്ങിപ്പോയി. മറ്റ് പ്രവര്‍ത്തന തകരാര്‍ ഇല്ലെന്ന് ഉറപ്പാക്കി 10 മിനിറ്റിന് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. ട്രെയിനിടിച്ച പശു ചത്തു.