കെ റെയിലിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു; പലയിടത്തും അതിര് കല്ലുകള്‍ പിഴുതെറിഞ്ഞു
കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
കോഴിക്കോട്: കെ റെയില്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. പദ്ധതിയുടെ ഭാഗമായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനെത്തിയവരെ ജനങ്ങള്‍ സംഘടിച്ചെത്തി തടഞ്ഞു. പലയിടത്തും അതിര് കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. വിവിധയിടങ്ങളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞത്. കോട്ടയം നട്ടാശ്ശേരിക്ക് സമീപം കെ റെയില്‍ പദ്ധതിക്കെതിരേ വന്‍ പ്രതിഷേധമാണുണ്ടായത്.
കുഴിയാലിപ്പടിയില്‍ ഇന്ന് കല്ലിടീല്‍ നടക്കുമെന്നാണ് സൂചന. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി നേതാക്കളും സ്ഥലത്തുണ്ട്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വൃദ്ധരും കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ പറഞ്ഞു. നിരവധി പോലിസുകാരും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പോലിസുകാരാണ് സ്ഥലത്തുള്ളതെന്നും ഇവരുടെ കൈവശം പത്തലുണ്ടെന്നും നാട്ടകം സുരേഷ് ആരോപിച്ചു.
കോഴിക്കോട് ജില്ലയിലെ അരീക്കാട് പ്രതിഷേധക്കാര്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കല്ലുകള്‍ പിഴുതെറിഞ്ഞത്. വീട്ടില്‍ അതിക്രമിച്ച് കയറി സ്ഥാപിച്ചിട്ടുള്ള പിണറായി വിജയന്റെ മഞ്ഞക്കുറ്റികളെല്ലാം പിഴുതെറിയുമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ ബിജെപി നേതാവ് അഡ്വ.പ്രകാശ് ബാബു പ്രതികരിച്ചു. കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരത്തിന് കോഴിക്കോട്ട് തുടക്കം കുറിച്ചിരിക്കുകയാണെന്നും കേരളത്തിലെ എല്ലായിടത്തും സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഇടിയങ്ങരയിലും നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നുണ്ട്. എറണാകുളത്ത് ചോറ്റാനിക്കരയില്‍ കെ റെയില്‍ കല്ലിടലിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സര്‍വേ കല്ലുകള്‍ സ്ഥാപിച്ചാല്‍ പിഴുതെറിയുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മുന്നറിയിപ്പ്. കഴിഞ്ഞ ദിവസവും ഇവിടെ സര്‍വേ കല്ല് സ്ഥാപിക്കാന്‍ അധികൃതര്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു. പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
എന്ത് സംഭവിച്ചാലും കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. മലപ്പുറം തിരുനാവായയിലെ സര്‍വേ ജനങ്ങള്‍ സംഘടിച്ചതിനെ തുടര്‍ന്ന് മാറ്റി. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ കൊല്ലം കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. സില്‍വര്‍ ലൈന്‍ വിരുദ്ധ കല്ല് കലക്ടറേറ്റില്‍ സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍, ഗേറ്റിന് മുന്നില്‍ സമരക്കാരെ പോലിസ് തടഞ്ഞു. കോഴിക്കോട് കല്ലായിയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ തുടങ്ങി. വന്‍ പോലിസ് സന്നാഹം സ്ഥലത്തുണ്ട്. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ കല്ലിടുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തില്ല. ജനവാസ മേഖലയിലേക്ക് കടന്നാല്‍ തടയുമെന്നാണ് ജനങ്ങളുടെ നിലപാട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ബലപ്രയോഗത്തിലൂടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പോലിസിനെ ഉപയോഗിച്ച് എന്തുവില കൊടുത്തും കല്ല് സ്ഥാപിക്കാനുള്ള നീക്കം ഭരണകൂടം നടത്തുമ്പോള്‍ ജനകീയമായ ചെറുത്തുനില്‍പ്പുകള്‍ പലയിടത്തും വലിയ സംഘര്‍ഷത്തിന് വഴിവയ്ക്കുകയാണുണ്ടായത്. കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലും കോഴിക്കോട് കല്ലായിയിലും പോലിസ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കൊടിയ മര്‍ദ്ദനമാണ് അഴിച്ചുവിട്ടത്. മാടപ്പള്ളിയില്‍ സ്വന്തം വീട് സംരക്ഷിക്കാനായി പ്രതിഷേധിച്ച സ്ത്രീകളെ പോലിസ് തറയിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പോലിസിന്റെ ലാത്തിയടിയിലും മറ്റും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളില്‍ അതിക്രമിച്ച് കയറി പോലിസുകാര്‍ നടത്തിയ അതിക്രമത്തില്‍ കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. യാതൊരു മുന്നറിയിപ്പോ ഉടമയുടെ അനുവാദമോ ഇല്ലാതെയാണ് ബലപ്രയോഗത്തിലൂടെയുള്ള കെ റെയില്‍ കല്ലിടല്‍ പുരോഗമിക്കുന്നത്. പ്രതിഷേധം ഉയര്‍ത്തുന്നവര്‍ക്കെതിരേ കേസുകള്‍ ചുമത്തി വായടപ്പിക്കാനാണ് പോലിസിന്റെയും സര്‍ക്കാരിന്റെയും ശ്രമം. എന്ത് വിലകൊടുത്തും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍, ജനങ്ങളെ ജയിലിലേക്ക് തള്ളിവിടില്ലെന്നും ജനകീയ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവും മറുപടി നല്‍കിയിട്ടുണ്ട്. കെ റെയിലിന്റെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അതിക്രമം നടത്തുന്നതിനെതിരേ വലിയ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ പോലിസ് സംയമനം പാലിക്കണമെന്ന മുന്നറിയിപ്പുമായി ഡിജിപി രംഗത്തുവന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് നടപടികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഡിജിപി പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പോലിസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാവരുതെന്നാണ് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശം.