വഖഫ് ഭേദഗതി നിയമം; അടിയന്തര പ്രമേയം തള്ളി സ്പീക്കര്‍; ജമ്മുകശ്മീര്‍ നിയമസഭയില്‍ ബഹളം
ജമ്മു: വഖഫ് ഭേദഗതി നിയമം ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് അവതരിപ്പിച്ച അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ നിയമസഭയില്‍ ബഹളം. സഭ ഇന്നത്തേക്ക് പിരിഞ്ഞു. വഖഫ് നിയമം ചര്‍ച്ച ചെയ്യാന്‍ ചോദ്യോത്തര സമയം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സിലെ നസീര്‍ ഗുരേസിയും തന്‍വീര്‍ സാദിഖും അവതരിപ്പിച്ച പ്രമേയം റാത്തര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ ബഹളം പൊട്ടിപ്പുറപ്പെട്ടത്.
നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മറ്റു സ്വതന്ത്രരില്‍ നിന്നുമുള്ള ഒമ്പത് അംഗങ്ങള്‍ പ്രമേയത്തിനായി സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി. ബിജെപിയുടെ സുനില്‍ ശര്‍മ്മ പ്രമേയത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്തുവന്നതോടെ സഭ ബഹളമയമായി. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ് അംഗങ്ങളും 'ബിജെപി ഹേ ഹേ', 'ബില്‍ വാപിസ് കരോ' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ സംഘര്‍ഷം രൂക്ഷമായി. നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളായ സല്‍മാന്‍ സാഗറും ഐജാസ് ജാനും ചോദ്യപേപ്പറുകള്‍ കീറിയെറിഞ്ഞു.
റൂള്‍ 58, സബ് സെക്ഷന്‍ 7 പരാമര്‍ശിച്ചുകൊണ്ട് വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ കോടതിയില്‍ നിലനില്‍ക്കുന്ന വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് പ്രസ്താവിച്ചു. 'ബില്ല് നിലവില്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. എനിക്ക് റിട്ട് ഹര്‍ജികള്‍ ലഭിച്ചു. ഇവിടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു. ബില്ലിന്റെ ഭരണഘടനാ സാധുത കോടതി തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പിഡിപി അംഗം വാഹിദ് പാര ഈ വിഷയത്തിന്റെ മതപരമായ പ്രാധാന്യം ചൂണ്ടിക്കാട്ടി. 'ഇതൊരു നിര്‍ണായക മതപരമായ കാര്യമാണ്. തമിഴ്‌നാട് നിയമസഭ ഇതില്‍ ഒരു പ്രമേയം പാസാക്കി. അതനുസരിച്ച് സഭ പ്രവര്‍ത്തിക്കണം,' അദ്ദേഹം പറഞ്ഞു. കോടതി നടപടികള്‍ക്ക് മുമ്പാണ് തമിഴ്‌നാട് നിയമസഭയുടെ പ്രമേയം വന്നതെന്ന് സ്പീക്കര്‍ മറുപടി നല്‍കി. ബഹളം വലിയൊരു സംഘര്‍ഷത്തിലെക്ക് നീങ്ങിയതോടെ സഭ പിരിച്ചു വിട്ടു.