സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തില്ല; കുവൈത്ത് പാര്‍ലമെന്റ് സമ്മേളനം വീണ്ടും മാറ്റിവച്ചു
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് കുവൈത്ത് പാര്‍ലമെന്റ് സമ്മേളനം വീണ്ടും മാറ്റി. അംഗങ്ങളുടെ ക്വാറം തികയാത്തതിനാലും സര്‍ക്കാര്‍ പ്രതിനിധികള്‍ ഹാജരാവാത്തതിനെയും തുടര്‍ന്നാണ് പാര്‍ലമെന്റ് സമ്മേളനം മാറ്റിയത്. സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ സ്പീക്കര്‍ അഹ്മദ് അല്‍ സദൂന്‍ സമ്മേളനം നിര്‍ത്തിവച്ചതായി അറിയിക്കുകയായിരുന്നു. മാര്‍ച്ച് ഏഴ്, എട്ട് തിയ്യതികളില്‍ ദേശീയ അസംബ്ലി സമ്മേളിക്കുമെന്ന് സ്പീക്കര്‍ അഹ്മദ് അല്‍ സദൂന്‍ അറിയിച്ചു.
സര്‍ക്കാരിന്റെ രാജി പ്രഖ്യാപനം വന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് പാര്‍ലമെന്റ് സമ്മേളനം മാറ്റിവയ്ക്കുന്നത്. പ്രധാനമന്ത്രി ശെയ്ഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹ് മന്ത്രി സഭയുടെ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദേശീയ അസംബ്ലി സമ്മേളനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്. എംപിമാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സര്‍ക്കാര്‍ രാജിവച്ചത്. രാജി സ്വീകരിച്ച അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് നിലവിലെ സര്‍ക്കാരിനോട് താല്‍ക്കാലിക ചുമതല തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.