ഇത് കര്‍ഷക വിജയം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ലോക്‌സഭ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് ബില്ല് പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റ ബില്ലാണ്. ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളുകയുമായിരുന്നു. ഇതെത്തുടര്‍ന്ന് കനത്ത ബഹളമാണ് സഭയിലുണ്ടായത്. രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.
കര്‍ഷകരെ ദ്രോഹിക്കാനാണ് സര്‍ക്കാര്‍ വിവാദ നിയമം പാസാക്കിയതെന്നും ചൗധരി വിമര്‍ശിച്ചു. നേരത്തെ, ഈ ശീതകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. പാര്‍ലമെന്റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങളുണ്ടാവും. എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉത്തരം നല്‍കുമെന്ന് മോദി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിഷേധങ്ങളോടെയാണ് തുടങ്ങിയത്.
ലോക്‌സഭ ചേര്‍ന്നയുടന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തി. സഭാമര്യാദ പാലിക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ തയ്യാറാവണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള താക്കീത് ചെയ്യുകയും ചെയ്തു. ഇതിനുശേഷവും പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. അംഗങ്ങള്‍ നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഉച്ചവരെ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ഏതേ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറാണെന്ന് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സഭയുടേയും സ്പീക്കറുടേയും അന്തസ്സിനെ പ്രതിപക്ഷം മാനിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇന്ധനവില ചര്‍ച്ച ചെയ്യണമെന്ന് എന്‍ കെ പ്രേമചന്ദ്രനാണ് ആവശ്യപ്പെട്ടത്. ഇന്ധന വില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് ഡീന്‍ കുര്യാക്കോസ് നോട്ടീസ് നല്‍കി. സഭാ നടപടികള്‍ സാധാരണ നിലയിലാവാതെ ചര്‍ച്ചയില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. രാജ്യസഭയില്‍ ഇടത് എംപിമാരും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.
കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് വി ശിവദാസന്‍ ആവശ്യപ്പെട്ടു. വിളകള്‍ക്ക് താങ്ങുവില നിയമപരമാക്കണമെന്നാണ് ബിനോയ് വിശ്വം നോട്ടീസ് നല്‍കിയത്. ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി അക്രമം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരിം ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പുനസ്ഥാപിക്കുക, ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ പേരിലുള്ള ഭീമമായ ചാര്‍ജ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തര ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീറും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.