നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത് കൊണ്ടായില്ല; മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍
കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ബാക്കിയുള്ള ആറ് ആവശ്യങ്ങളില്‍ അടിയന്തര ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്‌ക്കെതിരേയുള്ള നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്ന ബില്ലിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയത് ഒരു ഔപചാരികത മാത്രമാണെന്ന് കര്‍ഷക നേതാക്കള്‍. വിളകള്‍ക്ക് നിയമപരമായി ഉറപ്പുനല്‍കുന്ന മിനിമം താങ്ങുവില അടക്കമുള്ള മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അവര്‍ പ്രതികരിച്ചു. മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇത് കര്‍ഷകരുടെ ആദ്യ വിജയം മാത്രമാണെന്നും തങ്ങളുടെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
മൂന്ന് നിയമങ്ങളും അസാധുവാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കാബിനറ്റ് അംഗീകരിച്ച കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍, 2021 നവംബര്‍ 29ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 'മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലിന് കാബിനറ്റ് അംഗീകാരം നല്‍കിയത് ഒരു പ്രക്രിയ മാത്രമാണ്. ഇക്കാര്യം നേരത്തെ തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്'- രാഷ്ട്രീയ കിസാന്‍ മഹാസംഘ് (ആര്‍കെഎം) നേതാവ് ശിവ് കുമാര്‍ കാക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 'ഇത് ആദ്യഘട്ടം മാത്രമാണ്. സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കുക എന്നതാണ്. നിയമങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തേണ്ടതായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ എംഎസ്പി വിഷയവും ചര്‍ച്ച ചെയ്യുമായിരുന്നു. ഇതുവഴി സര്‍ക്കാരിന് ഒരേസമയം കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കലും എംഎസ്പി നിയമവിധേയമാക്കലുമായിട്ടുള്ള രണ്ട് ബില്ലുകളുമായി മുന്നോട്ട് പോകാമായിരുന്നു'- അദ്ദേഹം പറഞ്ഞു.
കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരുടെ ബാക്കിയുള്ള ആറ് ആവശ്യങ്ങളില്‍ അടിയന്തര ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക, കര്‍ഷകര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, വിളവെടുപ്പിന് ശേഷം കൃഷിയിടങ്ങള്‍ കത്തിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന മലിനീകരണ വിരുദ്ധ നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുക തുടങ്ങിയവയും കര്‍ഷകരുടെ ആവശ്യമാണ്. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ശരിയായ വില ലഭിക്കുമ്പോള്‍ മാത്രമേ താന്‍ വിജയം പ്രഖ്യാപിക്കുകയുള്ളൂവെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു. 'ഈ പ്രതിഷേധം ഇനിയും അവസാനിക്കില്ല. നവംബര്‍ 27ന് ഞങ്ങള്‍ ഒരു യോഗം കൂടുന്നുണ്ട്. അതിനുശേഷം കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കും. ജനുവരി 1 മുതല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി പറഞ്ഞിട്ടുണ്ട്. അത് എങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിക്കും. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ശരിയായ വില ലഭിക്കുമ്പോള്‍ മാത്രമേ അവരുടെ വിജയം ഉറപ്പാക്കുകയുള്ളൂ'- അദ്ദേഹം ട്വീറ്റ് ചെയ്തു.
മറ്റൊരു കര്‍ഷക നേതാവായ കവിത കുറുഗന്തി, ബില്‍ അവതരിപ്പിക്കുന്ന പ്രക്രിയയിലെ 'യുക്തിസഹമായ ചുവടുവയ്പ്പ്' എന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ വിശേഷിപ്പിച്ചു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് നവംബര്‍ 19ന് അവര്‍ പ്രസ്താവിച്ചതിലും കൂടുതല്‍ പ്രാധാന്യമൊന്നും ഈ തീരുമാനത്തിന് ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കും വരെ ഞങ്ങള്‍ സമരരംഗത്തുണ്ടാവുമെന്നും കുറുഗന്തിയും അറിയിച്ചു.