കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; ട്രാക്ടര്‍ റാലിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടാബ്ലോകള്‍ അണിനിരത്തും

കര്‍ഷക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സമരക്കാരുടെ നിലപാട്.

Update: 2021-01-22 16:28 GMT

ന്യൂഡല്‍ഹി: അതിശൈത്യവും മറ്റു പ്രതിസന്ധികളും മറികടന്ന് രണ്ട് മാസത്തോളമായി തുടരുന്ന കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടാബ്ലോകള്‍ അണിനിരത്തി പ്രക്ഷോഭം കൂടുതല്‍ ജനകീയമാക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക സംഘടനകള്‍.

'ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍ ട്രാക്ടര്‍ റാലിയില്‍ ഞങ്ങള്‍ എല്ലാ സംസ്ഥാനങ്ങളുടെയും ടാബ്ലോകള്‍ പ്രദര്‍ശിപ്പിക്കും'. ഹരിയാനയില്‍ നിന്നുള്ള ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ചൗധരി ജോഗീന്ദര്‍ ഗാസി റാം നെയ്ന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സമരത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ച ചൊവ്വാഴ്ച്ച നടന്നിരുന്നു. കര്‍ഷക നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് വാഗ്ദാനമെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. കര്‍ഷക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സമരക്കാരുടെ നിലപാട്.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ ജനങ്ങളെ അണിനിരത്തുന്നതിനായി കര്‍ഷക യൂനിയനുകള്‍ പഞ്ചാബിലും ഹരിയാനയിലും ട്രാക്ടര്‍ റാലികള്‍ നടത്തുന്നുണ്ട്. കേന്ദ്രം നടപ്പാക്കിയ പുതിയ കാര്‍ഷിക വിപണന നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ റാലി നടത്തുമെന്ന് യൂണിയനുകള്‍ പ്രഖ്യാപിച്ചിരുന്നു.

മൂന്ന് നിയമങ്ങളും സുപ്രീംകോടതി ജനുവരി 11 ന് സ്‌റ്റേ ചെയ്തിട്ടുണ്ട്. കൂടാതെ സുപ്രീം കോടതി വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചു. എല്ലാവരുമായി കൂടിയാലോചിച്ച് രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാനലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News