ക്ഷണമുണ്ടായിട്ടും എത്തിയില്ല; സിപിഎം ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍

Update: 2023-02-23 07:58 GMT

കണ്ണൂര്‍: സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് ഇ പി ജയരാജന്‍ വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ചയാവുന്നു. കാസര്‍കോട് നിന്ന് ആരംഭിച്ച ജാഥ കണ്ണൂരിലെത്തിയിട്ടും ഇ പി ജയരാജന്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ്. പരിപാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് കാസര്‍കോട് കുമ്പളയിലാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ക്ഷണമുണ്ടായിട്ടും ഉദ്ഘാടന പരിപാടിയില്‍ നിന്നും ഇ പി വിട്ടുനിന്നു. ചൊവ്വാഴ്ചയാണ് കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ ജാഥയ്ക്ക് നല്‍കിയ സ്വീകരണ പരിപാടികളില്‍ ഇ പി പങ്കെടുത്തില്ല. ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലായിരുന്നു പര്യടനം. അദ്ദേഹം കൂടി ഉള്‍പ്പെടുന്ന അഴീക്കോട് നിയമസഭാ മണ്ഡല ഭാഗമായിട്ടുള്ള സ്വീകരണ പരിപാടി ഇന്നലെ വൈകീട്ട് കണ്ണൂരില്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആ പരിപാടിയിലേക്കും പക്ഷേ അദ്ദേഹം പങ്കെടുത്തില്ല. മാത്രമല്ല, ജാഥ ഇതുവഴി കടന്നു പോവുമ്പോള്‍ അദ്ദേഹം കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ഇ പി കണ്ണൂരിലുണ്ട്. മറ്റു പൊതുപരിപാടികളില്‍ ഒന്നും പങ്കെടുക്കുന്നില്ല. തലശ്ശേരിയിലും ധര്‍മടത്തും പേരാവൂരിലുമാണ് ഇനി ജാഥ പര്യടനം നടത്താനുള്ളത്. ഇ പി വിട്ടുനില്‍ക്കുന്നത് ചര്‍ച്ചയായതോടെ ജാഥയില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

കണ്ണൂരിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് ശേഷം ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ നാല് ദിവസത്തെ പരിപാടികള്‍ ഒരിടത്തുപോലും ഇ പി ജയരാജന്‍ പങ്കെടുത്തില്ല എന്നതാണ് ശ്രദ്ധേയം. ജാഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍കൂടിയായ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം അണികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം, റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരേ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അതൃപ്തനായാണ് ഇ പി വിട്ടുനില്‍ക്കുന്നതെന്നാണ് സൂചനകള്‍.

Tags:    

Similar News