എഎപി- ബിജെപി സംഘര്‍ഷം; ഡല്‍ഹി എംസിഡി സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വീണ്ടും നിര്‍ത്തിവച്ചു

Update: 2023-02-23 05:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വീണ്ടും നിര്‍ത്തിവച്ചു. എഎപി- ബിജെപി സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഒരുമണിക്കൂര്‍ നേരത്തേയ്ക്ക് വോട്ടെടുപ്പ് നടപടികള്‍ നിര്‍ത്തിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള ആറംഗങ്ങളുടെ തിരഞ്ഞെടുപ്പിനിടെയാണ് ഇരുകൂട്ടരും തമ്മില്‍ കൈയാങ്കളിയിലെത്തിയത്. ബാലറ്റ് പെട്ടി എടുത്തെറിഞ്ഞും ഡയസില്‍നിന്ന് പോഡിയം മറിച്ചിട്ടും കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. മേയര്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് എംഡിസി ഹൗസിന് മുമ്പില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്.

ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെ തുടങ്ങിയ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് പലതവണ നിര്‍ത്തിവച്ചിരുന്നു. ഒമ്പത് മണിയോടെയാണ് ആദ്യ സെറ്റ് ബാലറ്റ് പേപ്പര്‍ നല്‍കി വോട്ടെടുപ്പ് ആരംഭിച്ചത്. എന്നാല്‍, വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി അംഗങ്ങള്‍ ബഹളം വച്ചതോടെ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ബുധനാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയി മേയറായും ആലെ മുഹമ്മദ് ഇഖ്ബാല്‍ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എഎപി- ബിജെപി തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് തവണയാണ് നേരത്തെ മേയര്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.

Tags:    

Similar News