മാളയിലെ അപകട സാധ്യതയുള്ളയിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന
ഹമ്പുകളും അപകടം പതിവായ വളവുകളിലെ ബസ് സ്‌റ്റോപ്പുകളും പരിശോധിച്ച് അപകടം ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മാളപള്ളിപ്പുറം സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് റോഡ് സേഫ്റ്റി കൗണ്‍സിലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യേഗസ്ഥര്‍ പരിശോധന നടത്തിയത്.
മാള: മാള ഗ്രാമപ്പഞ്ചായത്തിലെ വിവിധ വളവുകളിലെ ബസ് സ്‌റ്റോപ്പുകള്‍, അപകട സാധ്യതയുള്ള ഹമ്പുകള്‍ തുടങ്ങിയവ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളില്‍ സ്ഥാപിച്ച ഹമ്പുകളും അപകടം പതിവായ വളവുകളിലെ ബസ് സ്‌റ്റോപ്പുകളും പരിശോധിച്ച് അപകടം ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മാളപള്ളിപ്പുറം സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് റോഡ് സേഫ്റ്റി കൗണ്‍സിലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യേഗസ്ഥര്‍ പരിശോധന നടത്തിയത്.
റോഡ് സേഫ്റ്റി കൗണ്‍സിലില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അടിയന്തിര പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചാലക്കുടി ആര്‍ടിഒയോട് ആവശ്യപ്പെട്ട പ്രകാരമാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് സിന്റോ, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി ബി സജീവ്, അരുണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തിയത്.
മാള പോസ്റ്റ് ഓഫിസ് റോഡില്‍ നിന്ന് കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി പോസ്റ്റ് ഓഫിസ് റോഡില്‍ ഉയരം കുറഞ്ഞ ഹമ്പുകള്‍ സ്ഥാപിച്ച് വേഗത നിയന്ത്രിക്കാനും മുന്‍കരുതലിനാവശ്യമായ സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ശുപാര്‍ശ നല്‍കി കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുമെന്നും ഷാന്റി ജോസഫ് തട്ടകത്ത് പരാതിയില്‍ ആവശ്യപ്പെട്ട കിഴക്കേ അങ്ങാടി റോഡിലെ മാളക്കുളത്തിന് സമീപമുള്ള ഹമ്പുകള്‍ നീക്കം ചെയ്യാനും വളവുകളില്‍ സ്ഥിതി ചെയ്യുന്ന ഹോളി ഗ്രേസ് ജംഗ്ഷന്‍, കോട്ടമുറി സബ് സ്‌റ്റേഷന്‍, കോട്ടമുറി ജംഗ്ഷന്‍ ബസ്സ് സ്‌റ്റോപ്പുകളും മാള സര്‍ക്കാര്‍ ആശുപത്രിയില്‍ കവാടത്തിന് സമീപം ബസ് നിറുത്തുന്നത് മൂലം മാള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മാള ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയും അപകട സാദ്ധ്യതക്ക് വഴിയൊരുക്കുന്നുയെന്ന പരാതിയിലും പരിശോധനടത്തി. ബസ് സ്‌റ്റോപ്പുകളിലെ അപകട സാദ്ധ്യത ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ സിന്റോ പറഞ്ഞു.