മാള മേലഡൂരില്‍ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടകള്‍ അറസ്റ്റില്‍

മഞ്ഞപ്ര ചുള്ളി സ്വദേശി കൊളാട്ടുകുടി വീട്ടില്‍ ടോണി (33), വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടില്‍ റിജോ (26), മാള വലിയപറമ്പ് സ്വദേശി പുപ്പന്‍ എന്ന അരുണ്‍ (27), അന്നമനട സ്വദേശി കണ്ണംവേലിത്തറ വീട്ടില്‍ സജേഷ് (37) എന്നിവരാണ് അറസ്റ്റിലായത്.

Update: 2022-10-28 16:05 GMT

മാള: മേലഡൂരില്‍ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടകള്‍ അറസ്റ്റില്‍. മഞ്ഞപ്ര ചുള്ളി സ്വദേശി കൊളാട്ടുകുടി വീട്ടില്‍ ടോണി (33), വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടില്‍ റിജോ (26), മാള വലിയപറമ്പ് സ്വദേശി പുപ്പന്‍ എന്ന അരുണ്‍ (27), അന്നമനട സ്വദേശി കണ്ണംവേലിത്തറ വീട്ടില്‍ സജേഷ് (37) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ് ഗ്രേയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ എസ് പി ബാബു കെ തോമസ്, മാള ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ ബന്ധുവായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദിക്കാന്‍ എത്തിയതാണ് സംഘം. ഇക്കഴിഞ്ഞ പതിനാറാം തിയ്യതി മേലഡൂര്‍ സ്വദേശിയുടെ വീട്ടിലെത്തിയ ഗുണ്ടാ സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അടിപിടിയിലെത്തിയതോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ ഗുണ്ടാ സംഘം പിന്‍തുടര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. ഇതിനിടെ യുവാവിന് മുറിവേല്‍ക്കുകയും ചെയ്തു. സംഭവശേഷം എറണാകുളം, കോയമ്പത്തൂര്‍, എരുമേലി, പീരുമേട് ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതികളെ ഇന്നലെ പുലര്‍ച്ചെ പീരുമേട് മലമുകളിലെ റിസോര്‍ട്ടില്‍ നിന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു.

വ്യഴായ്ച രാത്രി എസ് ഐ നീല്‍ ഹെക്ടര്‍ ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ്, എ എസ് ഐ കെ ആര്‍ സുധാകരന്‍, കെ വി ജസ്റ്റിന്‍, സീനിയര്‍ സി പി ഒമാരായ ഇ എസ് ജീവന്‍, ജിബിന്‍ ജോസഫ്, സോണി സേവ്യര്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ ടോണി അയ്യമ്പുഴ സ്‌റ്റേഷനില്‍ എട്ടും കാലടി സ്‌റ്റേഷനില്‍ മൂന്നും എളമക്കര സ്‌റ്റേഷനില്‍ രണ്ടും ചാലക്കുടി പീച്ചി സ്‌റ്റേഷനുകളില്‍ ഒന്നു വീതം ക്രിമിനല്‍ കേസ്റ്റുകളില്‍ പ്രതിയാണ്. വട്ടപറമ്പ് സ്വദേശിയ റിജോ അങ്കമാലി സ്‌റ്റേഷനില്‍ ആറോളം കേസ്സിലും അരുണ്‍ മുരിങ്ങൂരില്‍ കടയച്ചു പോകുകയായിരുന്ന വ്യാപാരിയെ തലക്കടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസ്സിലും, മാള, വലപ്പാട് സ്‌റ്റേഷനുകളിലും സജേഷ് കൊരട്ടി, മതിലകം, മാള സ്‌റ്റേഷനുകളിലും വിവിധ കേസുകളില്‍പ്രതിയാണ്.

Tags:    

Similar News