ഗുരുവായൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ടി എന്‍ പ്രതാപന്റെ കോലം കത്തിച്ചു
ഇന്നലെ നടന്ന ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നകൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് നഗരസഭയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്റെ കോലം കത്തിച്ചത്.
കെ എം അക്ബര്‍
ഗുരുവായൂര്‍: തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്റെ കോലം കത്തിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. ഇന്നലെ നടന്ന ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നകൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് നഗരസഭയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്റെ കോലം കത്തിച്ചത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ടി കെ വിനോദ് കുമാറിനെ പാര്‍ട്ടി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് വിനോദ്കുമാറിനെ തിരഞ്ഞെടുപ്പിന് തലേദിവസം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇക്കാരണത്താലാണ് വിനോദ് കുമാറിന് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്.
വിനോദ്കുമാറിന്റെ ഭാര്യ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉള്‍പ്പെടുന്ന പാനലില്‍ മത്സരിക്കുന്നുണ്ട്. അര്‍ബന്‍ ബാങ്കിനെതിരായ സമരത്തില്‍ പ്രത്യക്ഷമായി രംഗത്തെത്തിയിരുന്ന കൗണ്‍സിലര്‍മാരില്‍ ഒരാളാണ് വിനോദ്കുമാര്‍. ഇക്കാരണത്താല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാനായാണ് വിനോദ് കുമാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്. നഗരസഭ കൗണ്‍സിലര്‍മാരായ ബഷീര്‍ പൂക്കോട്, പ്രസാദ് പൊന്നരാശ്ശേരി, ജലീല്‍ പണിക്കവീട്ടില്‍, പി എസ് രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ 30ഓളം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.