തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം സംബന്ധിച്ച് ഹിന്ദുസേവാ സംഘം സമര്‍പ്പിച്ച കേസില്‍ ദേവസ്വം കമ്മീഷണര്‍ ഇന്ന് പരാതിക്കാരുടെ ഹിയറിങ് നടത്തും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തീരുമാനം. കേസ് നല്‍കിയ സംഘടനയുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തുക. ഉച്ചയ്ക്ക് മൂന്നുമണിക്ക് ഗുരുവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിങ്. ലേലം സംബന്ധിച്ച് മറ്റ് ആര്‍ക്കങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ ഹിയറിങ്ങില്‍ പങ്കെടുക്കാം. എതിര്‍പ്പുള്ളവര്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമറിയിച്ചുളള കത്ത് രാവിലെ 11 മണിക്ക് മുമ്പായി സമര്‍പ്പിക്കണമെന്ന് ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.
ആര്‍ക്കെങ്കിലും ഈ വിഷയത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പരാതി അറിയിക്കാവുന്നതാണ്. പരാതി സീല്‍ ചെയ്ത കവറില്‍ രേഖാമൂലം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസില്‍ നല്‍കാം. അല്ലെങ്കില്‍ sect.ransport@kerala.gov.in എന്ന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഔദ്യോഗിക ഇ- മെയിലിലും പരാതിപ്പെടാം. അതുമല്ലെങ്കില്‍ skrtccmd@gmail.com എന്ന കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ ഇ- മെയില്‍ വിലാസത്തിലും പരാതി നല്‍കാം. ഏപ്രില്‍ ഒമ്പതിന് രാവിലെ 11 മണിക്ക് മുമ്പായി പരാതി സമര്‍പ്പിക്കാമെന്ന് ദേവസ്വം കമ്മീഷണര്‍ അറിയിച്ചു. ലഭിക്കുന്ന പരാതികളിലെല്ലാം ഇന്ന് തന്നെ ദേവസ്വം കമ്മീഷണര്‍ ഹിയറിങ് നടത്തും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്രാ കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പ് 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തില്‍ 15,10,000 രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്. ഡിസംബര്‍ 18ന് നടന്ന ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോര്‍ഡ് പിന്നീട് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാല്‍, 5,000 രൂപയില്‍ കൂടുതലുളള ഏത് വസ്തു വില്‍ക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹരജിയിലെ ആരോപണം.