ഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി

കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്നായിരുന്നു പ്രതികരണം

Update: 2024-10-31 06:12 GMT

തൃശ്ശൂര്‍: പൂരനഗരിയിലേക്ക് എത്തിയത് ആംബുലന്‍സിലായിരുന്നെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്നായിരുന്നു പ്രതികരണം. പൂരം കലക്കലില്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ. എല്ലാം കരുവന്നൂരിലെ ക്രമക്കേട് മറയ്ക്കാനുള്ള ശ്രമമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ്ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയത് വിവാദമായിരുന്നു. പിന്നാലെ, താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയിട്ടില്ല എന്നായിരുന്നു സുരേഷ്ഗോപി നേരത്തെ പറഞ്ഞിരുന്നത്. ചങ്കൂറ്റമുണ്ടെങ്കില്‍ അന്വേഷണം സിബിഐക്കു വിടണമെന്നും പറഞ്ഞിരുന്നു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും സുരേഷ്ഗോപി പറഞ്ഞു.

''ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ് കേസ് കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍, ആ മൊഴിയില്‍ എന്താ പറഞ്ഞിരിക്കുന്നത്. ആ മൊഴി പ്രകാരം എന്താ കേസെടുക്കാത്തത്. ഞാന്‍ വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം ഞാന്‍ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കില്‍ എന്നാണ്. സിനിമാ ഡയലോഗായി മാത്രം എടുത്താല്‍ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. നിങ്ങള്‍ അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഒരാളെ മോശക്കാരനായി കാണിക്കാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് അതിനുള്ള അവകാശമില്ല. ആ ഡയലോഗ് എവിടെവേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും പറയാം. അത് സെന്‍സര്‍ ചെയ്ത് തിയറ്ററില്‍ ടിക്കറ്റെടുത്ത് വന്നവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ്. ഒരുത്തന്റെയും തന്തയുടെ വകയല്ല എന്നല്ലേ പറഞ്ഞത്. ഇത് എല്ലായിടത്തും ഉപയോഗിക്കുന്നതല്ലേ. അത്രയേയുള്ളൂ. ആരുടെയും അപ്പന് വിളിച്ചതല്ല'' സുരേഷ്ഗോപി പറഞ്ഞു. തൃശ്ശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയംകൊണ്ടാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കല്‍ ആരോപണമെന്നും സുരേഷ്ഗോപി ആരോപിച്ചു.

തൃശൂര്‍ പൂരം കലങ്ങിയ സമയത്ത് ആംബുലന്‍സില്‍ എത്തിയിട്ടില്ലെന്നും സുരേഷ് ഗോപി സ്വരാജ് റൗണ്ട് വരെ തന്റെ കാറിലാണ് നഗരത്തിലേക്ക് എത്തിയതെന്നും അവിടെനിന്നുള്ള ചെറിയ ദൂരം മാത്രമാണ് ആംബുലന്‍സില്‍ പോയതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞിരുന്നു.


Tags:    

Similar News