മാള: തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഒത്താശയെന്ന് യാത്രക്കാരുടെ പരാതി. കഴിഞ്ഞ കുറച്ചു കാലങ്ങളായി കൊടുങ്ങല്ലൂരില്‍ നിന്നു കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ രാവിലെ 5.05ന് യാത്ര പുറപ്പെട്ട് 5.45ന് തൃശൂരിലെത്തും. എട്ട് മണിയോടെ കോഴിക്കോടെത്തും. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ആണെങ്കിലും ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എല്ലാ യാത്രക്കാര്‍ക്കും ഉപകാര പ്രദവുമായിരുന്നു സര്‍വീസ്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി മോട്ടോര്‍ വാഹനവകുപ്പ് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കാത്തതിനാല്‍ ഒരു സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ മുന്നില്‍ കയറി യാത്രക്കാരെ കയറ്റുകയാണ്. ഇതുകാരണം കെഎസ്ആര്‍ടിസി ഫാസ്റ്റിന് യാത്രക്കാരെ കിട്ടാതായി. ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും തമ്മില്‍ മല്‍സരയോട്ടമാണ്. അതുകാരണം കെഎസ്ആര്‍ടിസിയിലെ സ്ഥിരം യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനായി സ്വകാര്യ ബസ്സിന് പെര്‍മിറ്റ് കൊടുത്ത മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.