നിയമ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് ;അര്‍ദ്ധ രാത്രിയില്‍ അശ്രദ്ധമായ ഡ്രൈവിംങ് നടത്തിയ ആളുടെ ലൈസന്‍സ് റദ്ദാക്കി

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അശ്വന്ത് എന്നയാളുടെ ലൈസന്‍സാണ് ജൂലൈ ഒന്നു മുതല്‍ മൂന്ന് മാസത്തേക്ക് റദാക്കിയത്

Update: 2022-06-24 14:56 GMT

കൊച്ചി: നിയമം ലംഘിക്കുന്നവര്‍ക്കെതിരെ എറണാകുളം ജില്ലയില്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്.അര്‍ധ രാത്രിയില്‍ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച ഇരുചക്ര വാഹന ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ മൂന്നു മാസത്തേക്ക് റദ്ദാക്കി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അശ്വന്ത് എന്നയാളുടെ ലൈസന്‍സാണ് ജൂലൈ ഒന്നു മുതല്‍ മൂന്ന് മാസത്തേക്ക് റദാക്കിയത്.

ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാലാരിവട്ടം തമ്മനം മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ ഭയപ്പെടുത്തുന്ന ശബ്ദത്തോട് കൂടി രൂപമാറ്റം വരുത്തിയ വാഹനമോടിച്ചു കൊണ്ട് വരവേ അശ്വന്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തി. വാഹനം നിര്‍ത്താനായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പീറ്റര്‍ നിര്‍ദേശം നല്‍കിയപ്പോള്‍ അശ്രദ്ധമായി വാഹനമോടിച്ചു കടന്നു കളഞ്ഞു. കുറച്ചു സമയത്തിന് ശേഷം സ്‌ക്വാഷ് കഫേക്ക് സമീപം നടത്തിയ പരിശോധനയില്‍ അശ്വന്തിന്റെ വാഹനം വീണ്ടും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്ത് പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ തത്കാലികമായി സൂക്ഷിക്കാന്‍ ഏല്‍പിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ആശ്വന്തിന്റെ ലൈസന്‍സ് ലൈസന്‍സിങ്ങ് അതോറിറ്റി റദ്ദാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.എറണാകുളം ജില്ലയില്‍ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

Tags:    

Similar News