മാള: പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പൂപ്പത്തിയില്‍ ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80.2 ശതമാനം പോളിങ്. രണ്ട് ബൂത്തുകളിലായി ആകെയുള്ള 1500 വോട്ടര്‍മാരില്‍ 1203 വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വാര്‍ഡംഗമായിരുന്ന സി പി എമ്മിലെ സിന്ധു ജോയ് തല്‍സ്ഥാനം രാജിവച്ചപ്പോഴാണ് ഈ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫിലെ അനു ഗോപി, യു ഡി എഫിലെ സജിത ടൈറ്റസ്, എന്‍ഡിഎയിലെ അനില സുനില്‍ എന്നിവര്‍ തമ്മിലായിരുന്നു മൽസരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിന്ധു ജോയ് 169 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഈ വാര്‍ഡില്‍ 202 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. വാര്‍ഡില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും വ്യക്തിപരമായ വോട്ടുകള്‍ ഏറെയുണ്ട്. അതിനാല്‍ വളരെ നിര്‍ണ്ണായകമായ അവസ്ഥയാണ്. ഒപ്പത്തിനൊപ്പമുള്ള പ്രവര്‍ത്തനമാണ് ഇരുമുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നടത്തിയിരുന്നത്. എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഭരണത്തെ ബാധിക്കില്ല. എന്നാല്‍ ഭരണത്തിന്‍റെ വിലയിരുത്തല്‍ കൂടിയായതിനാല്‍ എല്‍ഡിഎഫിന് നിര്‍ണ്ണായകമാണീ തിരഞ്ഞെടുപ്പ്. അതേസമയം യുഡിഎഫിന് അഭിമാന പ്രശ്നമാണിത്. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിലെ ആകെയുള്ള 15 അംഗങ്ങളില്‍ എല്‍ഡിഎഫ് ഒമ്പത്, യുഡിഎഫ് നാല്, ബിജെപി ഒന്ന് എന്നീ ക്രമത്തിലാണ് അംഗങ്ങളുള്ളത്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10 ന് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടക്കും.