മാള: എഴുപത്തിയഞ്ചാം വാര്‍ഷിക നിറവില്‍ മനക്കലപ്പടി വായനശാലക്ക് പുതിയ കെട്ടിടം ഒരുങ്ങി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏകദേശം പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് വായനശാലക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വനിതകളുടെ നിയന്ത്രണത്തിലാണ് ഈ ഗ്രാമീണ വായനശാല പ്രവര്‍ത്തിക്കുന്നത്. 1944 ആഗസ്ത് 27 നാണ് ഈ ഗ്രാമീണ വായനശാല ആരംഭിച്ചത്. ഇവിടത്തെ പ്രശസ്ത മനയായ അക്കരകുറിശ്ശി മനയിലെ പൂര്‍വ്വികര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഗ്രാമീണ വായനശാല കെട്ടിടം സ്ഥിതി ചെയ്യുന്നത്. പരേതയായ കൊറമങ്ങാട്ട് സുഭദ്രാമ്മയുടെ നേതൃത്വത്തിലാണ് വായനശാല ആരംഭിച്ചത്. ഇംഗ്ലീഷ് -മലയാളം വിഭാഗങ്ങളിലായി ഏകദേശം പതിനായിരത്തോളം പുസ്തകങ്ങളുണ്ടിവിടെ. അഞ്ഞൂറോളം അംഗങ്ങളുമുണ്ട്.
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മനക്കലപ്പടിയില്‍ നവീകരിച്ച ഗ്രാമീണ വായനശാല കെട്ടിടത്തിന്റെ ഉദ്ഘാടനം എം എല്‍ എ വിആര്‍ സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം വല്‍സല ബാബു, എ ബി മോഹനന്‍, ഷാജി നക്കര, കെ ജി മോഹനന്‍, വാര്‍ഡംഗങ്ങളായ എം കെ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി, ഗ്രാമീണ വായനശാല ഭാരവാഹികളായ ഇന്ദു നിധീഷ്, ഉഷാരവി, എം ജി രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.