മാള: ഒരിടവേളയ്ക്കുശേഷം വീണ്ടും മുദ്രപത്രക്ഷാമം രൂക്ഷമായതോടെ ജനം നെട്ടോട്ടത്തിലായി. പലവിധ ആവശ്യങ്ങള്‍ക്കായി ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടിവരികയാണ്. 50, 100 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാതായിട്ട് ആഴ്ചകളായി. അത്തരം പത്രങ്ങള്‍ക്കായി വരുന്നവര്‍ 200ന്റെയും 500ന്റെയുമെല്ലാം പത്രങ്ങള്‍ വാങ്ങുകയായിരുന്നു. എന്നാല്‍, ഒരാഴ്ചയായി 1000ന്റെ മുദ്രപത്രം പോലും കിട്ടാനില്ലാതായതോടെയാണ് ജനം വെട്ടിലായത്.
തിങ്കളാഴ്ചയോടെ 1000ന് മുകളിലുള്ള പത്രങ്ങളും തീര്‍ന്നു. ഇപ്പോള്‍ ഒട്ടുമിക്ക വെന്‍ഡര്‍മാരുടെ കൈയിലും 5,000ന് മുകളിലുള്ള പത്രങ്ങളാണുള്ളത്. ഇതിനു മുമ്പും മുദ്രപത്ര ക്ഷാമമുണ്ടായിട്ടുണ്ട്. അതിന് പരിഹാരമായി സര്‍ക്കാര്‍ തുടങ്ങിയ ഇ-സ്റ്റാംപിങ് സംവിധാനം സര്‍ക്കാര്‍ നിര്‍ത്തിയതും തിരിച്ചടിയായിരിക്കുകയാണ്. മുദ്രപത്രത്തിന്റെ അഭാവത്തില്‍ ആധാരമെഴുത്തുകാരും ജോലികള്‍ ചെയ്യാനാവാതെ വിഷമിക്കുകയാണ്. ഓഫിസില്‍ വരുന്നവരെ മടക്കി അയക്കേണ്ടിവരുന്നത് തങ്ങളുടെ വരുമാനത്തെയും ബാധിക്കുന്നതായി ആധാരമെഴുത്തുകാര്‍ പറയുന്നു.
സെറ്റില്‍മെന്റ് ആധാരം, ദാനാധാരം, ഭാഗാധാരം തുടങ്ങിയവയ്‌ക്കെല്ലാം ആയിരത്തിന്റെയും അഞ്ഞൂറിന്റെയുമെല്ലാം പത്രങ്ങള്‍ വേണം. വാടകച്ചീട്ട്, പണയ ഉടമ്പടി, ജനന-മരണം, വിവാഹം തുടങ്ങിയവ എഴുതാന്‍ കുറഞ്ഞ തുകയുടെ മുദ്രപത്രങ്ങളാണ് വേണ്ടത്. എന്നാല്‍, അവയൊന്നും കിട്ടാനേയില്ല. കൂടിയ തുകയുടേത് വാങ്ങി കാര്യം നടത്താമെന്നുവച്ചാലും നടക്കാതായതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.