പണത്തിനായി 'പെണ്‍കുട്ടികളെ ലേലം' ചെയ്ത് ജാതി പഞ്ചായത്തുകള്‍; രാജസ്ഥാന്‍ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: പണത്തിനായി ജാതി പഞ്ചായത്തുകള്‍ 'പെണ്‍കുട്ടികളെ ലേലം' ചെയ്ത് വില്‍പ്പന നടത്തുന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ ചില ജില്ലകളില്‍ പെണ്‍കുട്ടികളെ സ്റ്റാമ്പ് പേപ്പര്‍ വച്ച് ലേലം ചെയ്യുന്നുവെന്നും ഇത് നിരസിച്ചതിന്റെ ഫലമായി സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പെണ്‍കുട്ടികളുടെ അമ്മമാര്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുവെന്നുമുള്ള റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാന്‍ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചത്. ജാതി പഞ്ചായത്തുകളുടെ കല്‍പ്പനകളാണ് ഇത്തരം കാടത്തരങ്ങള്‍ക്ക് കാരണമാവുന്നതെന്നാണ് റിപോര്‍ട്ടുകള്‍.
വിഷയവുമായി ബന്ധപ്പെട്ട ഒരു മാധ്യമ റിപ്പോര്‍ട്ടിന്മേല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതായി പ്രസ്താവനയില്‍ പറയുന്നു. രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലിസ് ഡയറക്ടര്‍ ജനറലും (ഡിജിപി) നാലാഴ്ചയ്ക്കകം കമ്മീഷന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും വായ്പകളും ഉള്‍പ്പെടുന്ന തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ പോലിസിനെ സമീപിക്കുന്നതിന് പകരം ജാതി പഞ്ചായത്തുകളെയാണ് ആശ്രയിക്കുന്നത്. അവരുടെ കല്‍പ്പന പ്രകാരം എട്ട് വയസ്സിനും 18 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു- മാധ്യമ റിപോര്‍ട്ടിനെ ഉദ്ധരിച്ച് കമ്മീഷന്‍ പറഞ്ഞു.
ലേലം ചെയ്ത ശേഷം ഈ പെണ്‍കുട്ടികളെ യുപി, മധ്യപ്രദേശ്, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും അയക്കുകയും ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയരാക്കുന്നുവെന്നും റിപോര്‍ട്ട് പറയുന്നു. ഇത് ശരിയാണെങ്കില്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്- കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് കമ്മീഷന്‍ വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം സ്വീകരിച്ച നടപടികള്‍, ഇത്തരം സംഭവങ്ങള്‍ തടയാന്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്താണ് എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ റിപോര്‍ട്ടാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങള്‍ക്കും അന്തസിനുമുള്ള അവകാശത്തിനും തടസ്സമാവുന്ന ജാതി വ്യവസ്ഥയെ ഉന്‍മൂലനം ചെയ്യുന്നതിനായി ഭരണഘടനാ വ്യവസ്ഥകള്‍ അല്ലെങ്കില്‍ പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് സര്‍ക്കാര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഉറപ്പാക്കുന്നുവെന്ന് റിപോര്‍ട്ടില്‍ അടങ്ങിയിരിക്കണമെന്ന് എന്‍എച്ച്ആര്‍സി നിര്‍ദേശിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേയും അതിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരേയും ക്രിമിനല്‍ പ്രോസിക്യൂഷന്‍ ആരംഭിക്കുന്നത് പരാമര്‍ശിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജസ്ഥാന്‍ ഡിജിപിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍, കുറ്റപത്രം, അറസ്റ്റ് എന്നിവ ഉള്‍പ്പടെയുള്ളവയും, സംസ്ഥാനത്ത് മാംസക്കച്ചവടവുമായി ബന്ധപ്പെട്ട ആസൂത്രിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പിടികൂടാന്‍ ആരംഭിച്ച സംവിധാനവും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഇത്തരം സംഭവങ്ങള്‍ ശാശ്വതമായി തടയുന്നതില്‍ വിമുഖത കാണിച്ച പൊതുസേവര്‍ക്കെതിരേ സ്വീകരിച്ചതും സ്വീകരിക്കാനിരിക്കുന്നതുമായ നടപടികളും റിപോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ടതാണ്.
രാജസ്ഥാനിലെ ആരോപണ വിധേയമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിശോധിച്ച് മൂന്ന് മാസത്തിനകം ഈ സംഭവത്തെക്കുറിച്ചും അവിടെ നിലവിലുള്ള രീതികളെക്കുറിച്ചും സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ റിപോര്‍ട്ടര്‍ ഉമേഷ് ശര്‍മയോട് (സ്വതന്ത്ര മനുഷ്യാവകാശ പ്രവര്‍ത്തകന്‍) ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്‍എച്ച്ആര്‍സി അറിയിച്ചു. രാജസ്ഥാനിലെ ഭില്‍വാര ഗ്രാമത്തില്‍ നടന്ന സംഭവമാണ് മാധ്യമറിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ ഇരുപാര്‍ട്ടികളും തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടാവുമ്പോള്‍ പോലിസില്‍ പോവുന്നതിനുപകരം അത് പരിഹരിക്കാന്‍ ജാതി പഞ്ചായത്തുകളെയാണ് സമീപിക്കുന്നത്.
15 ലക്ഷം രൂപയുടെ കടം വാങ്ങിയ ആളോട് അത് വീട്ടുന്നതിന് ഉപാധിയായി ജാതി പഞ്ചായത്ത് നിര്‍ദേശിച്ചത് സ്വന്തം സഹോദരിയെ വില്‍ക്കാനാണ്. കടം വീണ്ടും തീരാതെ വന്നതോടെ 12 വയസ്സുള്ള മകളെയും വില്‍പ്പന നടത്തി. എട്ട് ലക്ഷം രൂപയ്ക്കാണ് യുവതിയെ വാങ്ങിയത്. അതിനുശേഷം അഞ്ച് സഹോദരിമാരെയും വില്‍പ്പന നടത്തിയെങ്കിലും കടം വീട്ടിത്തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.