മാള: പുത്തന്‍ചിറയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിലായി. നോര്‍ത്ത് പറവൂര്‍ വെടിമറ കമ്പിവേലിക്കകം കോളനിയില്‍ കൈപ്പുറം ബിബിന്‍ ലാലിനെയാണ് (33) ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ മാള സബ് ഇന്‍സ്പെക്ടര്‍ സജിന്‍ ശശി അറസ്റ്റുചെയ്തത്. പുത്തന്‍ചിറ സ്വദേശിനിയായ 14കാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് പ്രതി. ഒന്നരവര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നതായാണ് പരാതി. പെണ്‍കുട്ടിയുടെ വീടിനടുത്താണ് പ്രതിയുടെ ഭാര്യ വീട്. ഇവിടെ വച്ചാണ് പീഡനം നടന്നത്.
ഓണ്‍ലൈന്‍ പഠനമായതിനാല്‍ പ്രതിയുടെ ഭാര്യ കുട്ടിക്ക് ട്യൂഷനെടുത്തിരുന്നു. 2020 ഫെബ്രുവരിയില്‍ ഭാര്യ വീട്ടിലില്ലാതിരുന്ന ദിവസം ട്യൂഷന് പഠനത്തിനെത്തിയ കുട്ടിയെ ബെഡ് റൂമിലേക്ക് വിളിച്ചുവരുത്തി പ്രതിയുടെ മൊബൈലില്‍ അശ്ലീലചിത്രങ്ങള്‍ കാണിക്കുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കുട്ടിയെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്രേ. പിന്നീട് പല തവണ പീഡനം തുടര്‍ന്നെങ്കിലും ഭയപ്പെട്ട കുട്ടി സംഭവം പുറത്തുപറയാന്‍ കഴിയാതെ ആത്മഹത്യയുടെ വക്കിലായിരുന്നു. ഭാര്യ വീട്ടിലെത്തുമ്പോള്‍ ആദ്യം കുട്ടിയുമായി അടുത്തിടപഴകിയിരുന്ന ഇയാള്‍ കുട്ടിക്ക് ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുത്തിരുന്നു.
പിന്നീട് മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റവും പഠനത്തിലെ താല്പര്യമില്ലായ്മയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. എഎസ്ഐമാരായ ബിജു വാളൂരാന്‍, ഒ എച്ച് ബിജു, സീനിയര്‍ സിപിഒമാരായ പി എന്‍ ഷീബ, മിഥുന് കൃഷ്ണ, ഇ എസ് ജീവന്, സിപിഒമാരായ കെ എസ് ഉമേഷ്, സന്ദീപ് സാഗര്‍, വിബിന് ബാബു. ഹോം ഗാര്‍ഡ് ബാലകൃഷ്ണന് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.