സുല്‍ത്താന്‍ ബത്തേരിയിലെ ബിജെപി കള്ളപ്പണം: അടിയന്തര അന്വേഷണം വേണമെന്ന് ഡിവെഎഫ്‌ഐ
സുല്‍ത്താന്‍ ബത്തേരി: മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എത്തിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ കള്ളപ്പണ വിനിയോഗം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികളും തിരഞ്ഞെടുപ്പ് ചട്ടലംഘനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തരമായി ഇടപെടണമെന്നും കേസെടുക്കണമെന്നും ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി. മൂന്നരക്കോടി രൂപയുടെ കള്ളപ്പണം ബത്തേരി മണ്ഡലത്തില്‍ ബിജെപി എത്തിച്ചു എന്നതിന്റെ തെളിവ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, മുന്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കറിന് കൊടുത്ത ഡിജിറ്റല്‍ രേഖയാണ് പുറത്തുവന്നിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കണക്കായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതിന്റെ 20 ഇരട്ടി തുക സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മാത്രം ബിജെപി കള്ളപ്പണമായി എത്തിച്ചു എന്നത് ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനം കൂടിയാണെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. കള്ളപ്പണ വിനിയോഗം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികളും തിരഞ്ഞെടുപ്പ് ചട്ടലംഘനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.
നേരത്തെ ബത്തേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കള്ളപ്പണം കൈമാറിയ പരാതി അന്വേഷണത്തിലാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ തിരഞ്ഞെടുപ്പിന് ചെലവിനായി കള്ളപ്പണമെത്തിയ വിവരം നേരത്തെ വാര്‍ത്തയായിരുന്നു. ഈ വിവരം ശരിവയ്ക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് ചെലവിനെന്ന പേരിലെത്തിച്ച പണം ഏതാനും വ്യക്തികള്‍ കൈകാര്യം ചെയ്തുവെന്ന ആക്ഷേപമാണ് ബിജെപിക്കുള്ളില്‍നിന്നും പുറത്തുവരുന്നത്.
മൂന്നരക്കോടി തിരഞ്ഞെടുപ്പ് ചെലവിനായി എത്തിയ സുല്‍ത്താന്‍ ബത്തേരിയില്‍ 2016ല്‍ സി കെ ജാനു നേടിയ വോട്ടിനേക്കാള്‍ വളരെ കുറവ് വോട്ടുകളാണ് താമര ചിഹ്‌നത്തില്‍ മല്‍സരിച്ചിട്ടും ഇത്തവണ സി കെ ജാനുവിന് നേടാന്‍ സാധിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി- കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നതിന് തെളിവായി നേരത്തെ ഇടതുപക്ഷം ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ജനാധിപത്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ ചവിട്ടിമെതിച്ച് ജനവിധി അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചതിന്റെ നഗ്‌നമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് കൂട്ടിച്ചേര്‍ത്തു.