വയനാട്ടില്‍ കൊവിഡ് ബാധിതര്‍ പത്തായി; ഇന്ന് സ്ഥിരീകരിച്ചത് മൂന്നു പേര്‍ക്ക്

Update: 2020-05-10 15:45 GMT

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് മൂന്നുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം പത്തായി. മൂന്നുപേര്‍ രോഗം ഭേദമായി നേരത്തേ ആശുപത്രി വിട്ടു. ഏഴുപേര്‍ മാനന്തവാടി കൊവിഡ് ആശുപത്രിയിലാണ്. ചീരാല്‍ സ്വദേശിയായ 25കാരനും എടവക കമ്മന സ്വദേശി 20 വയസ്സുകാരനും മീനങ്ങാടി സ്വദേശിയായ 45 കാരിക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചീരാല്‍ സ്വദേശി ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സ്മാനായിരുന്നു. മെയ് ഏഴിന് ജില്ലയില്‍ തിരിച്ചെത്തിയ ഇയാള്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. കമ്മന സ്വദേശി കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്ന ലോറി ക്ലീനറുടെ മകന്റെ സമ്പര്‍ക്ക പട്ടികയിലുള്ള ആളാണ്. മീനങ്ങാടി സ്വദേശിനി നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച ചികില്‍സയില്‍ കഴിയുന്നയാളുടെ സെക്കന്‍ഡറി കോണ്‍ടാക്റ്റാണ്.

ജില്ലയില്‍ ഞായറാഴ്ച 140 പേരെ കൂടി നിരീക്ഷണത്തിലാക്കി. 54 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1752 ആയി. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 700 സാംപിളുകളില്‍ 641 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 47 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 829 സര്‍വയലന്‍സ് സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 591 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 238 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


Tags:    

Similar News