ഇരുളം: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നായി വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തുന്ന സംഘാംഗങ്ങളില്‍ പ്രമുഖനെ വനംവകുപ്പ് പിടികൂടി. പാലക്കാട് മുണ്ടൂര്‍ പുളിയമ്പുള്ളി സ്വദേശിയായ ടൈറ്റസ് ജോര്‍ജി (33) നെയാണ് മുണ്ടൂരില്‍ ചെതലത്ത് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനംവകുപ്പ് പിടികൂടിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കല്ലോന്നിക്കുന്ന് ഭാഗത്തുനിന്നും പുള്ളിമാനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കി കടത്തിക്കൊണ്ടുപോയ സംഘത്തിലെ പ്രമുഖനാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.
കൂടെയുണ്ടായിരുന്ന നിലമ്പൂര്‍ കരുവാരക്കുണ്ട് സ്വദേശികളായ ജംഷീര്‍, റസ്സല്‍ എന്നിവരെ കഴിഞ്ഞദിവസം മാനിറച്ചിയും തോക്കും സഹിതം നെല്ലിയാമ്പതി റെയ്ഞ്ചിലെ വനംവകുപ്പ് ജീവനക്കാര്‍ പിടികൂടിയിരുന്നു. ഇരുളം, മുണ്ടൂര്‍, നെന്‍മാറ, നെല്ലിയാമ്പതി ഭാഗങ്ങളിലായി മൃഗവേട്ട നടത്തിയതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ സഹായികളായ ഇരുളം സ്വദേശികളായ അഞ്ചുപേര്‍ ഒളിവിലാണ്.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ചെതലത്ത് റെയ്ഞ്ച് ഓഫിസര്‍ കെ ജോസ് പറഞ്ഞു. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ വി ആനന്ദന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ടി കെ ഹര്‍ഷാദ്, ജോസ് ആന്റണി, ഡ്രൈവര്‍ രാജേഷ് മദൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റുചെയ്ത പ്രതിയെ ബത്തേരി കോടതി മുമ്പാകെ ഹാജരാക്കി.