തോല്‍പ്പെട്ടിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ കേസെടുത്ത് പോലിസ്

Update: 2024-11-08 18:08 GMT

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയതില്‍ തിരുനെല്ലി പോലിസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഒരു മില്ലില്‍നിന്ന് കിറ്റുകള്‍ പിടികൂടിയത്. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 38 കിറ്റുകളാണ് പിടിച്ചെടുത്തത്.

യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റായിരുന്നു പിടികൂടിയത്. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചിത്രങ്ങളായിരുന്നു കിറ്റുകളില്‍ ഉണ്ടായിരുന്നത്. ഉരുള്‍പൊട്ടല്‍ കാലത്ത് വിതരണത്തിന് എത്തിച്ച് സൂക്ഷിച്ചിരുന്ന കിറ്റുകളാണ് ഇവയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

കോണ്‍ഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റെ വീടിനോടുചേര്‍ന്നുള്ള മില്ലില്‍നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. ശശികുമാറിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് മില്ല് എന്നുകരുതുന്നു. തോല്‍പെട്ടിയിലെ ഒരു കുടുംബത്തിന് കിറ്റ് നല്‍കിയതിനാലാണ് വിവരം പുറത്തറിഞ്ഞത്.

മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പോലിസ് ഇപ്പോള്‍ ഈ വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു.





Similar News