മോഷണം, പിടിച്ചുപറി, കൊലപാതകം; അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളികളും പിടിയില്‍
കല്‍പ്പറ്റ: കേരളത്തിനകത്തും പുറത്തും നിരവധി മോഷണം, പിടിച്ചുപറി, കൊലപാതക കേസുകളിലെ പ്രതിയും കൂട്ടാളികളും പിടിയിലായി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി കോട്ടറക്കുഴി പുത്തന്‍വീട്ടില്‍ ഗണേഷ് കുമാര്‍ (42), കേരളത്തില്‍ ഇയാളോടൊപ്പം മോഷണങ്ങള്‍ നടത്തിയ കൂട്ടുപ്രതികളായ കല്‍പ്പറ്റ വെള്ളാരംകുന്ന് സ്വദേശി സാബു (42), കല്‍പ്പറ്റ മെസ് ഹൗസ് സ്വദേശി ചന്ദ്രമോഹന്‍ (45) എന്നിവരാണ് കല്‍പ്പറ്റ ജെഎസ്പി അജിത് കുമാറിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പിടിയിലായത്.
പിടിയിലായ ഗണേഷ്‌കുമാറിന് തമിഴ്‌നാട് നെയ്‌വേലി, പോര്‍ട്ടോ നോവോ, പുതുചിത്രം, തിരുപ്പൂര്, മന്ത്രക്കൊപ്പം, ധാരാപുരം തുടങ്ങിയ പോലിസ് സ്‌റ്റേഷനുകളില്‍ കളവുകേസുകള്‍ നിലവിലുണ്ട്. വയനാട്ടില്‍ നിരവധി കഞ്ചാവുകേസുകളിലും കളവുകേസുകളിലും പ്രതിയാണ് സാബു. കഴിഞ്ഞ കുറച്ചുകാലമായി വയനാട്ടില്‍ താമസമാക്കിയ ഗണേശന്‍, സാബുവും ചന്ദ്രമോഹനും ഒന്നിച്ച് പനമരം കമ്പളക്കാട് മേപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വീട് കുത്തിത്തുറന്ന് ടിവി, ലാപ്‌ടോപ്പ്, സ്വര്‍ണം, കുരുമുളക് എന്നിവ മോഷണം നടത്തിയിട്ടുണ്ട്.
ഗണേശന്‍ തൊട്ടില്‍പാലം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നും കട കുത്തിതുറന്ന് കുരുമുളക്, ഗ്രാമ്പു എന്നിവ മോഷ്ടിച്ച കേസിലും പ്രതിയാണ്. കല്‍പ്പറ്റ സിഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എസ്‌ഐ ജയചന്ദ്രന്‍, പോലിസ് ഉദ്യോഗസ്ഥരായ ടി പി അബ്ദുറഹ്മാന്‍, ഷാലു ഫ്രാന്‍സിസ്, കെ കെ വിപിന്‍ എന്നിവരാണ് പ്രതികളെ വലയിലാക്കിയത്.