എന്‍ എം വിജയന്റ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി

Update: 2025-01-10 07:44 GMT

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി. 15-ാം തീയതി വരെ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം. ഇവര്‍ കുടാതെ മുന്‍ കോണ്‍ഗ്രസ് നേതാക്കളായ കെ കെ ഗോപിനാഥന്‍, പരേതനായ പി വി ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെ എന്‍ എം വിജയന്‍ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തും കുടുംബം പുറത്തുവിട്ടിരുന്നു. വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍ എം വിജയനേയും മകനെയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കാണപ്പെടുന്നത്. കീട നാശിനി കഴിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. സാമ്പത്തിക ബാധ്യതയായിരുന്നു കാരണം. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ രണ്ടുപേരും മരിക്കുകയായിരുന്നു.

എന്‍ എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലിസ് കണ്ടെത്തിയിരുന്നു. 10 ബാങ്കുകളില്‍ വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് നിഗമനം. വിജയനെതിരേയുള്ള കോഴ ആരോപണങ്ങളിലും അന്വേഷണം നടക്കുകയാണ്. എന്‍ എം വിജയന്റെ കത്തുകളും ആത്മഹത്യ കുറിപ്പും പോലിസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഫോറന്‍സിക് പരിശോധനയുടെ റിസള്‍ട്ട് വന്നാലെ കത്ത് വിജയന്‍ തന്നെയാണ് എഴുതിയതെന്ന കാര്യത്തില്‍ തീരുമാനമാകൂ.

Tags:    

Similar News