വയനാട്ടില്‍ അതിതീവ്ര രോഗബാധിത മേഖലയായി തൊണ്ടര്‍ നാട്; ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കൊവിഡ്
കല്‍പറ്റ: വയനാട്ടില്‍ അതിതീവ്ര സമ്പര്‍ക്ക രോഗബാധിത മേഖലയായി തൊണ്ടര്‍ നാട്. പഞ്ചായത്തിലെ കോറോം ടൗണ്‍ പ്രദേശത്ത് ഇന്നു മാത്രം എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെറിയ ചുറ്റളവിനുള്ളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി.
വടകര സ്വദേശിയായ പോലിസ് അന്വേഷിക്കുന്ന ഒരാള്‍ വാടകക്കെടുത്ത ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ചാണ് കോറോത്ത് കൊവിഡ് സമ്പര്‍ക്ക വ്യാപനം. ഇവിടെ താമസിച്ചവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ള പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനും രോഗം പിടിപെട്ടു. ഇയാളുടെ കുടുംബത്തിലേക്കും പടര്‍ന്നതോടെ കോറോത്ത് രോഗികളുടെ എണ്ണം കുത്തനെ കൂടി.വയനാട്ടില്‍ ഒരു പ്രദേശത്ത് ആദ്യമായാണ് ഇത്രയുമധികം രോഗികള്‍.
വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് പേര്‍ രോഗമുക്തരായി. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 10 പേര്‍ക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പര്‍ക്കം വഴി കൊവിഡ് പകര്‍ന്നത്. വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 268 ആയി. ഇതുവരെ രോഗമുക്തര്‍ 109. ഒരു മരണം. നിലവില്‍ രോഗം സ്ഥിരീകരിച്ച് 158 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 153 പേര്‍ ജില്ലയിലും കോഴിക്കോട് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് പോസിറ്റീവായവര്‍:
ജൂലൈ ആറിന് ഒമാനില്‍ നിന്നു വന്ന് 15 മുതല്‍ ചികില്‍സയിലായിരുന്ന മാനന്തവാടി സ്വദേശി (49), ജൂലൈ 15 ന് ആന്ധ്രപ്രദേശില്‍ നിന്നു വന്ന മുട്ടില്‍ സ്വദേശി (35), സൗദിയില്‍ നിന്നു വന്ന മേപ്പാടി സ്വദേശി (57), ജൂണ്‍ 26 ന് ദുബായിയില്‍ നിന്നു വന്ന സുഗന്ധഗിരി സ്വദേശി (24), ജൂലൈ 14ന് കുടകില്‍ നിന്നു വന്ന കോട്ടത്തറ സ്വദേശി (30),ജൂലൈ 10 ന് സൗദിയില്‍ നിന്നു വന്ന കണിയാമ്പറ്റ സ്വദേശി (33), ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശി (26), മൂപ്പൈനാട് സ്വദേശി (40), മീനങ്ങാടി സ്വദേശി (39), കോട്ടത്തറ സ്വദേശി (30), വിവിധ സ്ഥാപനങ്ങളില്‍ നിരീക്ഷണത്തിലായിരുന്ന മൂപ്പൈനാട് സ്വദേശി (26), ഗൂഡല്ലൂര്‍ സ്വദേശികള്‍ (58, 22, 22), ജൂലൈ 13 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള എടവക സ്വദേശി 32 കാരന്റെ കൂടെ ബാംഗ്ലൂരില്‍ നിന്ന് വന്ന മൂന്നു വയസ്സുകാരി, ജൂലൈ നാലിന് കോഴിക്കോട് നാദാപുരത്ത് നിന്ന് വന്ന പീച്ചങ്കോട് സ്വദേശി (50), കര്‍ണാടകയില്‍ നിന്ന് വന്ന് ജൂലൈ 11 മുതല്‍ ചികില്‍സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശി (46), തൊണ്ടര്‍നാട് സ്വദേശികളായ 20 കാരന്‍, 1, 4 വയസ്സുള്ള രണ്ട് കുട്ടികള്‍, 54, 30 വയസ്സുള്ള രണ്ട് സ്ത്രീകള്‍, 33, 62, 30, 18 വയസ്സുള്ള നാല് പുരുഷന്മാര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.