ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം: രണ്ടു പോലിസുകാരും ദൂരദര്‍ശന്‍ കാമറാമാനും മരിച്ചു

Update: 2018-10-30 14:22 GMT


റായ്പൂര്‍: ഛത്തീസ്ഗഢിലെ ദന്തെവാഡ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ രണ്ടു പോലിസുകാരും ദുരദര്‍ശന്‍ കാമറാമാനും കൊല്ലപ്പെട്ടു. നിലവയ ഗ്രാമത്തിനടുത്ത് വനമേഖലയില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
സമേലി ക്യാംപില്‍ നിന്നു നിലവയയിലേക്കു മോട്ടോര്‍ സൈക്കിളുകളില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘത്തെ മാവോവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഡിഐജി സുന്ദര്‍രാജ് പി അറിയിച്ചു. ഇതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ പോവുകയായിരുന്ന മുന്നംഗ ദൂരദര്‍ശന്‍ സംഘം വെടിവയ്പില്‍ അകപ്പെടുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ രുദ്രപ്രതാപ്‌സിങ്, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ മംഗളു, ദുരദര്‍ശന്‍ ന്യൂസ് കാമറാമാന്‍ അച്ചുതാനന്ദ സാഹു എന്നിവരാണ് മരിച്ചത്.
തിരഞ്ഞെടുപ്പ് റിപോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്നെത്തിയതായിരുന്നു സാഹു. ദൂരദര്‍ശന്‍ സംഘത്തിലുണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനടക്കമുള്ള മറ്റു രണ്ടുപേര്‍ സുരക്ഷിതരാണെന്നും സുന്ദര്‍രാജ് പറഞ്ഞു.
കോണ്‍സ്റ്റബിള്‍ വിഷ്ണുനേതം, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ രാകേഷ് കൗശല്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ദന്തെവാഡ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവശ്യമായി വരുന്നുവെങ്കില്‍ ഇവരെ വിദഗ്ധ ചികില്‍സക്കായി റായ്പൂരിലേക്കു കൊണ്ടുപോവും.
അടുത്തമാസം ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോവാദികള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ഈ മാസം 27ന് നാല് സിആര്‍പിഎഫ് ജവാന്‍മാരെ മാവോവാദികള്‍ കൊലപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം മാവോവാദി ആക്രമണത്തില്‍ ദന്തെവാഡ ജില്ലാ പഞ്ചായത്തിലെ ബിജെപി അംഗത്തിന് പരിക്കേറ്റു.
ആക്രമണത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍സിങ് റാത്തോഡ് അപലപിച്ചു. കൊലപാതകത്തെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ ജേവാലയും അപലപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രമണ്‍സിങിന് ഒരു നിമിഷംപോലും അധികാരത്തിലിരിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Similar News