ടൂറിന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ രണ്ട് ഗോളുകളുമായി തിളങ്ങിയ മല്‍സരത്തില്‍ മറ്റൊരു അനിഷ്ട സംഭവവും അരങ്ങേറി. മല്‍സരത്തിനിടെ സസോളോ താരത്തിന്റെ മുഖത്ത് തുപ്പി ചുവപ്പ് കാര്‍ഡ് കണ്ട ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റ മല്‍സരത്തിന്റെ നിറം കെടുത്തി. ഇതേ തുടര്‍ന്ന് താരം ശിക്ഷ അര്‍ഹിക്കുമെന്നാണ് സീരി എ അധികൃതറും യുവന്റസ് ടീം കോച്ച് മാസ്സിമിലിയാനോ അല്ലെഗ്രിയും അഭിപ്രായപ്പെട്ടു.ഞായറാഴ്ച സസ്സോളോയ്‌ക്കെതിരെ യുവെന്റസ് 2-1 ന് ജയിച്ച മല്‍സരത്തിനിടെയായിരുന്നു സംഭവം. സസോളോ താരം ഡി ഫ്രാന്‍സിസ്‌കോയുടെ മുഖത്താണ് കോസ്റ്റ തുപ്പിയത്.
ഫ്രാന്‍സെസ്‌കോ, കോസ്റ്റയെ ഫൗള്‍ ചെയ്തതോടെയാണ് സംഭവത്തിനു തുടക്കം കുറിച്ചത്. ഇതിന് കോസ്റ്റ ഫ്രാന്‍സെസോയെ കൈമുട്ട് കൊണ്ട് ഇടിച്ച് മഞ്ഞകാര്‍ഡ് വാങ്ങിക്കുകയും ചെയ്തു. തീര്‍ന്നില്ല, പിന്നാലെ തല കൊണ്ട് ഇടിക്കുകയും ചെയ്തു, തുടര്‍ന്ന് 93ാം മിനിറ്റില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കോസ്റ്റ ഫ്രാന്‍സെസ്‌കോയുടെ മുഖത്ത് തുപ്പിയത്. ഇത് വാറിന്റെ സഹായത്തോടെ നിരീക്ഷിച്ചപ്പോള്‍ സംഭവം വെളിവായി. ഇതോടെ ചുവപ്പ് കാര്‍ഡ് നല്‍കി റഫറി കോസ്റ്റയെ പറഞ്ഞയച്ചു.
അതേസമയം, കോസ്റ്റയ്‌ക്കെതിരേ യുവന്റസ് തന്നെ നടപടിയെടുക്കുമെന്ന് കോച്ച് അല്ലെഗ്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. കോസ്റ്റയ്ക്ക് മേല്‍ പിഴ ചുമത്തുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
ഫൗളിന് ഇരയായാലും ഒരിക്കലും ഇങ്ങനെയല്ല ചെയ്യേണ്ടത്. പ്രകോപനങ്ങളില്‍ വീണുപോകരുത്. കോസ്റ്റയുടെ പ്രവൃത്തി വിജയത്തിന്റെ തിളക്കം നഷ്ടപ്പെടുത്തിയെന്നും അല്ലെഗ്രി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല യുവെന്റസിന്റെ നടപടിക്കു പിന്നാലെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും താരത്തെ കൂടുതല്‍ മല്‍സരങ്ങളില്‍ നിന്ന് വിലക്കാന്‍ സാധ്യതയുണ്ട്.
അതേസമയം തുപ്പിയതില്‍ കോസ്റ്റ ആരാധകരോട് മാപ്പ് പറഞ്ഞു. 'ചെയ്ത തെറ്റിന് യുവന്റസ് ആരാധകരോട് മാപ്പ് ചോദിക്കുന്നു. സഹതാരങ്ങളോടും മാപ്പ് പറയുന്നു. മോശം കാര്യമാണ് ചെയ്തത് എന്ന് മനസ്സിലാക്കുന്നു, അതിനാല്‍ ഏവരോടും മാപ്പ് ചോദിക്കുകയാണെന്ന്' കോസ്റ്റ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.