ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും വിവാദങ്ങളും അലയടിച്ചുകൊണ്ടിരിക്കുകയാണ്. ശമ്പളക്കാരനായ ഒരു വ്യക്തി വീട്ടുവാടകയ്ക്ക് ജിഎസ്ടി നല്‍കണമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം? നിങ്ങള്‍ വാടക വീട്ടില്‍ താമസിക്കുന്ന, പ്രതിമാസ ശമ്പളമുള്ള വ്യക്തിയാണെങ്കില്‍ വിട്ടുവാടകയ്ക്ക് ജിഎസ്ടി നല്‍കേണ്ടിവരുമോ എന്ന ചോദ്യം പലരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. 2022 ജൂലൈ 17 വരെ ഒരു വാണിജ്യവസ്തുവിന്റെ വാടകയ്ക്ക് ജിഎസ്ടി ബാധകമായിരുന്നു. എന്നാല്‍, 2022 ജൂലൈ 18 മുതല്‍, ഒരു വ്യക്തി അത്തരം താമസസ്ഥലം വാടകയ്‌ക്കെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്താല്‍ ജിഎസ്ടി ഈടാക്കും. 47ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ശുപാര്‍ശ ചെയ്ത പ്രകാരം, വാടകക്കാരന്‍ 18 ശതമാനം ജിഎസ്ടി നല്‍കണം.
എന്നാല്‍, ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ തുക അവര്‍ക്ക് ക്ലെയിം ചെയ്യാവുന്നതാണ്. ജൂലൈ 18ന് പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി ചട്ടത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സാധാരണ ശമ്പളക്കാരന്‍ ഒരു റെസിഡന്‍ഷ്യല്‍ വീടോ ഫഌറ്റോ വാടകയ്‌ക്കോ പാട്ടത്തിനോ എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ ജിഎസ്ടി നല്‍കേണ്ടതില്ല. എന്നിരുന്നാലും ബിസിനസോ തൊഴിലോ നടത്തുന്ന ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി ഉടമയ്ക്ക് നല്‍കുന്ന വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി നല്‍കണം. അത്തരം വ്യക്തികള്‍ക്ക് നല്‍കിയ ജിഎസ്ടി ക്രെഡിറ്റ് ക്ലെയിം ചെയ്യാം. വാടകയ്‌ക്കെടുത്ത റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്ന് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിക്കും 18 ശതമാനം നികുതി അടയ്‌ക്കേണ്ടിവരും.
വാടകക്കാരന്‍ ജിഎസ്ടിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയും ജിഎസ്ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥനാവുകയും ചെയ്യുമ്പോള്‍ മാത്രമേ നികുതി ബാധകമാവൂ. അതേസമയം, കെട്ടിടത്തിന്റെ ഉടമ ചരക്കുസേവന നികുതി നല്‍കേണ്ടതില്ല. ജിഎസ്ടി നിയമപ്രകാരം, രജിസ്റ്റര്‍ ചെയ്ത വ്യക്തികളില്‍ വ്യക്തികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ബിസിനസോ തൊഴിലോ നടത്തുന്ന ഒരു വ്യക്തി ത്രെഷോള്‍ഡ് പരിധിയേക്കാള്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവിലെത്തുമ്പോള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
നേരത്തെ ഓഫിസുകള്‍ അടക്കം വാണിജ്യാവശ്യത്തിന് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാടക കൊടുക്കുന്നുണ്ടെങ്കില്‍ മാത്രമേ, ജിഎസ്ടി പരിധിയില്‍ വരുമായിരുന്നുള്ളൂ. കോര്‍പറേറ്റ് സ്ഥാപനങ്ങളോ വ്യക്തികളോ വാസയോഗ്യമായ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരുന്ന വാടകയെയും ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ജൂലൈ 18 മുതലാണ് പുതുക്കിയ ജിഎസ്ടി നിലവില്‍ വന്നത്.
മുന്‍കൂട്ടി പായ്ക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു. തൈര്, ലസ്സി, വെണ്ണ പാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം നിരക്കിലാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയത്. കൂടാതെ ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ ഇന്ന് മുതല്‍ 18 ശതമാനം ജിഎസ്ടി ചുമത്തി. ഐസിയു അല്ലാതെ 5,000 രൂപയില്‍ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഏര്‍പ്പെടുത്തിയിരുന്നു.