ബഹിഷ്‌ക്കരണം ഏശിയില്ല; ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ യുഎസിനെ പിന്തള്ളി ചൈന
2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപര പങ്കാളിയായിരിക്കുകയാണ് ചൈന. കയറ്റുമതി രംഗത്തെ മുന്‍നിരക്കാരായ അമേരിക്കയെ പിന്തളിയാണ് പട്ടികയില്‍ ചൈന ഒന്നാമതെത്തിയത്.
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചില്ലെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ പറയുന്നത്. ചൈനീസ് ഉല്‍പന്ന ബഹിഷ്‌ക്കരണത്തിന് വിവിധ തലങ്ങളില്‍ നിന്ന് ആഹ്വാനത്തിന് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വിവോയ്ക്ക് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അടക്കം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ബഹിഷ്‌കരണങ്ങള്‍ക്കിടയിലും ഇന്ത്യന്‍ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കായെന്ന് പഠനം വ്യക്തമാക്കുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപര പങ്കാളിയായിരിക്കുകയാണ് ചൈന. കയറ്റുമതി രംഗത്തെ മുന്‍നിരക്കാരായ അമേരിക്കയെ പിന്തളിയാണ് പട്ടികയില്‍ ചൈന ഒന്നാമതെത്തിയത്.
86.4 ശതകോടി ഡോളറിന്റെ വ്യാപാരമാണ് ചൈന 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുമായി നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.53 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഇന്ത്യയുടെ വിദേശ വ്യാപാരം കുറഞ്ഞ് നിന്ന് കാലഘട്ടത്തിലാണ് ചൈന ഈ നേട്ടം സ്വന്തമാക്കിയതെന്നും എടുത്തുപറയേണ്ട വസ്തുതയാണ്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 9.5 ശതമാനം ഇടിഞ്ഞ് 80.5 ശതകോടി ഡോളറായി. മൂന്നാമതുള്ള യുഎഇയുമായുള്ള വ്യാപാരത്തില്‍ 26.72 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴും ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. 65 ശതകോടി ഡോളറാണ് ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തത്.
ഇലക്ട്രോണിക്‌സ്, പ്ലാസ്റ്റിക്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ ഇപ്പോഴും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ചൈനയെ തന്നെയാണ്. ഇതില്‍ ഏറ്റവും പ്രധാനം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്. ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള വിവിധ സ്മാര്‍ട്‌ഫോണുകള്‍ ചൈനയില്‍ നിന്നുമാണ്. അതേസമയം കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി ഇപ്പോഴും യുഎസ് ആണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെ തുടര്‍ന്ന് യുഎസിലേക്കുള്ള കയറ്റുമതിയില്‍ 2.76 ശതമാനം ഇടിവുണ്ടായി.