ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ചൈനീസ് കമ്പനികളുടെ 'സമ്പൂര്‍ണ' നിയന്ത്രണത്തില്‍

2015ല്‍ 32 ശതമാനം മാത്രമുണ്ടായിരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ നിലവിലെ വിപണി വിഹിതം 99 ശതമാനമായി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

Update: 2022-01-18 11:55 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ കുത്തകയായി മാറുകയാണ്. 2015ല്‍ 32 ശതമാനം മാത്രമുണ്ടായിരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ നിലവിലെ വിപണി വിഹിതം 99 ശതമാനമായി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

ഇക്കാലയളവില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വിഹിതം 68 ശതമാനത്തില്‍ നിന്ന് വെറും ഒരു ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2016ല്‍ ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്‌സിന്റെ വിപണി വിഹിതം 16 ശതമാനം ആയിരുന്നു. ഇക്കാലയളവില്‍ വെറും 4 ശതമാനം ആയിരുന്നു ഷവോമിയുടെ വിപണി വിഹിതം. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി.

കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയില്‍ അംസബിള്‍ ചെയ്ത ചൈനീസ് ഫോണുകള്‍ വിപണി പിടിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം രണ്ടാം സ്ഥാനത്തുള്ള സാംസങ് ഒഴികെ മറ്റ് നാല് ബ്രാന്‍ഡുകളും ചൈനയില്‍ നിന്നാണ്. 23 ശതമാനം വിപണി വിഹിതവുമായി ഷവോമി ആണ് രാജ്യത്തെ നമ്പര്‍ വണ്‍ ബ്രാന്‍ഡ്. സാംസങ്(17 ശതമാനം) വിവോ(15 ശതമാനം), റിയല്‍മി (15 ശതമാനം), ഓപ്പോ(10 ശതമാനം) എന്നിവരാണ് ആദ്യ അഞ്ചില്‍ ഉള്ള മറ്റ് ബ്രാന്‍ഡുകള്‍. 2021 ജനുവരിഒക്ടോബര്‍ കാലയളവില്‍ 1,45,000 ഫോണുകളാണ് ചൈനീസ് കമ്പനികള്‍ വിറ്റത്. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ അവതരിപ്പിച്ചാണ് ചൈനീസ് നിര്‍മാതാക്കള്‍ വിപണി പിടിച്ചെടുത്തത്.

ഓരേ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫോണുകള്‍ വിവിധ ബ്രാന്‍ഡുകളില്‍ അവതരിപ്പിക്കുന്ന ചൈനീസ് കമ്പനികളുടെ തന്ത്രവും ഇന്ത്യയില്‍ വലിയ വിജയമാണ്. വില്‍പ്പനയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ള ഓപ്പോയും റിയല്‍മിയും ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഫാക്ടറിയില്‍ നിന്നാണ് എത്തുന്നതെന്ന് അറിയുന്നവര്‍ ചുരുക്കമാണ്. പ്രീമിയം വിഭാഗത്തില്‍ മൂന്നാമതുള്ള വണ്‍പ്ലസും ഇതേ ഫാക്ടറിയില്‍ നിന്ന് തന്നെയാണ്. ബിബികെ ഇലക്ട്രോണിക്‌സ് എന്ന ചൈനീസ് കമ്പനിയുടേതാണ് ഈ മൂന്ന് ബ്രാന്‍ഡുകളും. റിയല്‍മി, പോക്കോ എന്നീ ബ്രാന്‍ഡുകള്‍ ഷവോമിയുടേതാണ്.

നിലവില്‍ മൈക്രോമാക്‌സും ലാവയും മാത്രമാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഇന്ത്യന്‍ സാന്നിധ്യം. ഇതില്‍ ലാവ മാത്രമാണ് 5ജി ഫോണുകള്‍ വില്‍ക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ വിജയം കണ്ട് എസി മുതല്‍ വാഷിംഗ് മെഷീന്‍ വരെ നിര്‍മിച്ച മൈക്രോമാക്‌സിന് തീര്‍ത്തും നിറം മങ്ങി. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ നല്‍കാനായില്ല എന്നതാണ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വിനയായത്. ചൈനയില്‍ നിന്ന് പാര്‍ട്ട്‌സുകള്‍ ഇറക്കുമതി ചെയ്ത ഇന്ത്യന്‍ കമ്പനികള്‍ ഗവേഷണങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതുമില്ല. ഇപ്പോള്‍ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണിയിലെ ഇന്ത്യന്‍ സാന്നിധ്യത്തെ താങ്ങി നിര്‍ത്തുന്നത് ജിയോ പുറത്തിറക്കുന്ന ഫീച്ചര്‍ ഫോണുകളാണ്.

Tags:    

Similar News