മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍

ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യയണേഴ്‌സ് ലിസ്റ്റിലാണ് അദാനി മുന്നിലെത്തിയത്.

Update: 2022-02-05 18:50 GMT

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറകറ്ററുമായ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി. ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യയണേഴ്‌സ് ലിസ്റ്റിലാണ് അദാനി മുന്നിലെത്തിയത്.

ഇന്നലെ തയാറാക്കിയ പട്ടികയില്‍ പത്താം സ്ഥാനത്താണ് 59 കാരനായ അദാനി. 637 ദശലക്ഷം ഡോളര്‍ വര്‍ധിച്ച് അദ്ദേഹത്തിന്റെ സമ്പത്ത് 91.1 ശതകോടി ഡോളറായി. അതേസമയം മുകേഷ് അംബാനിയുടെ സമ്പത്തില്‍ 794 ദശലക്ഷം ഡോളറിന്റെ കുറവുണ്ടായി. 89.2 ശതകോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം. പട്ടികയില്‍ പതിനൊന്നാമനാണ് മുകേഷ് അംബാനി.

അതേസമയം ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സില്‍ ഇപ്പോഴും സമ്പത്തില്‍ അദാനിയേക്കാള്‍ നേരിയ മുന്‍തൂക്കം മുകേഷ് അംബാനിക്കു തന്നെയാണ്. മുകേഷ് അംബാനിയുടെ സമ്പത്ത് 89.2 ശതകോടി ഡോളര്‍ തന്നെയെന്ന് ബ്ലൂംബെര്‍ഗും പറയുമ്പോള്‍ അവരുടെ സൂചിക പ്രകാരം അദാനിയുടെ ആകെ സമ്പത്ത് 87.4 ശതകോടി ഡോളറാണ്.

ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ബില്യണേഴ്‌സ് റാങ്കിംഗ് ഓരോ ദിവസത്തെയും സമ്പത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്നതാണ്. അവരുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം കൂടി പരിഗണിച്ചാണ് ഇത് തയാറാക്കുന്നത്.

അതേസമയം, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരി വിലയില്‍ ഉണ്ടായ വന്‍ ഇടിവ് അതിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ വലിയ കുറവാണ് വരുത്തിയത്. 29 ശതകോടി ഡോളറിന്റെ കുറവ് വന്നതോടെ ആകെ സമ്പത്ത് 85 ശതകോടി ഡോളറായി. അതായത് ഗൗതം അദാനി, മുകേഷ് അംബാനി എന്നവരേക്കാള്‍ കുറവ്. 26 ശതമാനം ഓഹരി വില ഇടിവിലൂടെ ഒറ്റ ദിവസം മെറ്റയുടെ മൂല്യത്തില്‍ ഉണ്ടായത് 200 ശതകോടി ഡോളറിന്റെ കുറവാണ്.

Tags:    

Similar News