ന്യൂഡല്‍ഹി: ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും ലൂയിസ് വിറ്റന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും മറികടന്ന് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 154.7 ബില്യന്‍ (12.37 ലക്ഷം കോടി രൂപ) ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്.
ഫോബ്‌സിന്റെ റിയല്‍ ടൈം ബില്യണയേഴ്‌സ് പട്ടിക പ്രകാരം ആദ്യ സ്ഥാനത്ത് ഇപ്പോഴും ഈലോണ്‍ മസ്‌കാണ്. 273.5 ബില്യനാണ് അദ്ദേഹത്തിന്റെ ആസ്തി.
കഴിഞ്ഞ മാസവും അര്‍നോള്‍ട്ടിനെ പിന്തള്ളി അദാനി മൂന്നാം സ്ഥാനം നേടിയിരുന്നുവെങ്കിലും മസ്‌കിനും ബെസോസിനും പിന്നിലായിരുന്നു. ഫോര്‍ബ്‌സിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇപ്പോള്‍ അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ തലവനായ മുകേഷ് അംബാനി 92 ബില്യണ്‍ ഡോളറിന്റെ ആസ്തിയില്‍ എട്ടാം സ്ഥാനത്താണ്.
അടിസ്ഥാന സൗകര്യങ്ങള്‍, ഖനനം, ഊര്‍ജം, മറ്റ് മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന നിരവധി കമ്പനികളുടെ ഉടമയാണ് അദാനി.