പിന്‍ നമ്പറില്ലാതെ 500 രൂപ വരെ കൈമാറാം; യുപിഐ ലൈറ്റിലെ പരിധി ഉയര്‍ത്തി

Update: 2023-08-10 10:52 GMT

ഡിജിറ്റല്‍ പണമിടപാട് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിന്‍ നമ്പറില്ലാതെ യുപി ഐ വഴി കൈമാറാനുള്ള തുകയുടെ പരിധി 500 രൂപ വരെയാക്കി ഉയര്‍ത്തി. ഇതോടെ യുപിഐ ലൈറ്റ് വഴിയുള്ള പണമിടപാട് പരിധി 200 രൂപയില്‍ നിന്ന് 500 രൂപയായി മാറി. പണനയ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. പിന്‍ ഉപയോഗിക്കാതെ ചെറിയ മൂല്യമുള്ള പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ്. ഇതിനു വേണ്ടി ബാങ്ക് അക്കൗണ്ടില്‍നിന്ന് ആപ്പിലെ വാലറ്റിലേക്ക് പണം ചേര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതില്‍നിന്ന് 500 രൂപയില്‍ കൂടാതെയുള്ള പണമിടപാടുകള്‍ നടത്താമെന്നതാണ് പ്രത്യേകത. യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കാവുന്ന തുകയുടെ പരിധി 2,000 രൂപയാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ വാലറ്റുകള്‍വഴി യുപിഐ ലൈറ്റ് ഇടപാടുകള്‍ നടത്താനാവും. വാലറ്റിലേക്ക് ന്ിശ്ചത തുക നിക്ഷേപിച്ചുകഴിഞ്ഞാല്‍ അതില്‍നിന്ന് നടത്തുന്ന ചെറിയ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടില്‍ പ്രതിഫലിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. അക്കൗണ്ടില്‍നിന്ന് യുപിഐ ലൈറ്റിലേക്ക് നല്‍കിയ തുക മാത്രമേ കാണൂ. 500 രൂപ വരെ പരിധി ഉയര്‍ത്തിയതോടെ ചെറുകിട വില്‍പ്പനയ്ക്കും മറ്റും ഏറെ ഉപകാരപ്രദമാവും.

Tags:    

Similar News