സൗദിയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ നിക്ഷേപം; കണ്ടെത്തിയത് മദീന മേഖലയില്‍

മദീന മേഖലയില്‍ ഉമ്മുല്‍ ബറാഖ് ഹെജാസിനും അബ അല്‍റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വര്‍ണ അയിര് കണ്ടെത്തിയത്.

Update: 2022-09-16 18:50 GMT

മദീന മേഖലയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ നിക്ഷേപം കണ്ടെത്തി. സൗദി ജിയോളജിക്കല്‍ സര്‍വെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. മദീന മേഖലയില്‍ ഉമ്മുല്‍ ബറാഖ് ഹെജാസിനും അബ അല്‍റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വര്‍ണ അയിര് കണ്ടെത്തിയത്.

മേഖലയില്‍ സ്വര്‍ണം അയിര് കണ്ടെത്തുന്നതില്‍ ജിയോളജിക്കല്‍ വകുപ്പിന്റെ ശ്രമങ്ങള്‍ വിജയിച്ചതായി അധികൃതല്‍ അറിയിച്ചു. മദീനയിലെ വാദി അല്‍ ഫറാ മേഖലയിലെ അല്‍ മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളില്‍ ചെമ്പ് അയിരും കണ്ടെത്തി. ഇതു രാജ്യത്തെ ഖനന നിക്ഷേപത്തിന്റെ വേഗത വര്‍ധിപ്പിക്കുകയും അങ്ങനെ രാജ്യത്തിന്റെ വിഷന്‍ 2030നെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

സൗദിയിലെ വിവിധ സ്ഥലങ്ങളിലെ ഈ കണ്ടെത്തലുകള്‍ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് സംഭാവന ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. പുതിയ നിക്ഷേപങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് ഖനന മേഖലയ്ക്ക് കരുത്താകുമെന്നാണ് വിലയിരുത്തല്‍. ഇത് പ്രാദേശിക രാജ്യാന്തര നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് സഹായകരമാകുമെന്നും അധികൃതര്‍ പറയുന്നു.

നിലവില്‍ മദീന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഉമ്മുല്‍ ദമര്‍ ഖനന മേഖലയില്‍ ലൈസന്‍സ് നേടുന്നതിനായി 13 സൗദി വിദേശ കമ്പനികള്‍ മത്സരിക്കുന്നുണ്ട്. ഉമ്മുല്‍ ദമര്‍ പര്യവേക്ഷണ ലൈസന്‍സിനായി 13 ലേലക്കാരെ പ്രീ ക്വാളിഫൈ ചെയ്തതായി വ്യവസായ ധാതു വിഭവശേഷി മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

40 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള മേഖലയാണ് ഉമ്മുല്‍ ദമറിലെ ഈ പ്രദേശം. ചെമ്പ്, സിങ്ക്, സ്വര്‍ണം, വെള്ളി നിക്ഷേപങ്ങളാണ് ഇവിടെ പ്രധാനമായും ഉള്ളത്. മേഖലയില്‍ ഏകദേശം 4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

Tags:    

Similar News