ഗൂഗ്ളുമായി ചേര്‍ന്ന് പുതിയ സ്മാര്‍ട്ട്‌ഫോണ്‍; ജിയോ ഫോണ്‍ നെക്സ്റ്റ് സപ്തംബറില്‍, 10 ലക്ഷം തൊഴിലവസരങ്ങള്‍; വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

എല്ലാവിധ നൂതന സാങ്കേതികവിദ്യകളും അടങ്ങുന്നതായിരിക്കും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് മുകേഷ് അംബാനി പറഞ്ഞു.

Update: 2021-06-24 12:56 GMT

ന്യൂഡല്‍ഹി: ഗൂഗ്‌ളിന്റെ സഹകരണത്തോടെ വികസിപ്പിച്ച പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സെപ്റ്റംബര്‍ 10ന് വിപണിയിലിറക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ (എഒഎസ്) പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണിന് ജിയോ ഫോണ്‍ നെക്സ്റ്റ് എന്നാണ് പേര്. എല്ലാവിധ നൂതന സാങ്കേതികവിദ്യകളും അടങ്ങുന്നതായിരിക്കും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി. ഗൂഗ്ള്‍ ക്ലൗഡിന്റെ സേവനം രാജ്യത്ത് പ്രയോജനപ്പെടുത്തും.

വോയ്‌സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്എലൗഡ് സ്‌ക്രീന്‍ ടെക്സ്റ്റ്, ലാംഗ്വേജ് ട്രാന്‍സലേഷന്‍, സ്മാര്‍ട്ട് കാമറ, ഓഗ്മെന്റഡ് റിയാല്‍റ്റി എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫോണ്‍ കുറഞ്ഞ വിലയിലാകും വിപണിയിലെത്തിക്കുക. ജിയോ ഫൈവ് ജി സാങ്കേതിവിദ്യയിലേക്ക് പൂര്‍ണമായി മാറുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ആഗോള പങ്കാളികളുമായി ചേര്‍ന്ന് ഫൈവ് ജി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. രാജ്യത്തെ ടുജിയില്‍ നിന്ന് ഫൈവ് ജിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ജിയോയെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന പത്തുവര്‍ഷത്തിനകം 20,000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. ഇക്കാലയളവില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 9000 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. ഇതുവഴി ഓഹരിയുടമകളുടെ സമ്പത്തില്‍ ഗണ്യമായ വര്‍ധന സൃഷ്ടിക്കാന്‍ സാധിച്ചു. രാജ്യത്തിന്റെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിലും റിലയന്‍സ് നിര്‍ണായക പങ്കുവഹിച്ചതായും മുകേഷ് അംബാനി പറഞ്ഞു.

Tags:    

Similar News