ഡെബിറ്റ് കാര്‍ഡ് ഉപയോഗം 2 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം വര്‍ധിച്ചതായി വിസ

കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ ഡെബിറ്റ് കാര്‍ഡിന്റെ പ്രചാരം 25 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പി ഒ എസ് ഉപയോഗവും ക്രമാനുഗതമായ വളര്‍ച്ചയിലാണ്. 2016-ല്‍ പി ഒ എസ് ടെര്‍മിനലുകള്‍ കേവലം രണ്ടുലക്ഷം ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് 35 ലക്ഷമായി ഉയര്‍ന്നു.

Update: 2019-03-18 03:02 GMT

കൊച്ചി:ഇന്ത്യയിലെ ഡിജിറ്റല്‍ പണം ഇടപാടുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 50 ശതമാനം വര്‍ധിച്ചതായി റിസര്‍വ് ബാങ്കിന്റെ ഡാറ്റ വ്യക്തമാക്കുന്നതായി വിസ ചൂണ്ടിക്കാട്ടുന്നു. പേയ്‌മെന്റ് കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ബാങ്കിങ്ങ് എന്നിവ ഡിജിറ്റല്‍ ഇടപാടുകളില്‍ ഉള്‍പ്പെടും.ഇ-കൊമേഴ്‌സ്, മൊബൈല്‍ സാങ്കേതിക വിദ്യ എന്നിവയും ഈ മാറ്റത്തില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിലും മിനിമെട്രോ നഗരങ്ങളിലും ഒരുപോലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധന ഉണ്ട്.ഇടപാടുകളിലെ വേഗതയും, ലളിതമായ പ്രക്രിയയും സരുക്ഷിതത്വവും ആണ് വന്‍തുകകള്‍ കയ്യില്‍ കൊണ്ടു നടക്കുന്നതിനേക്കാള്‍, ഡെബിറ്റ് കാര്‍ഡിനെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ ഡെബിറ്റ് കാര്‍ഡിന്റെ പ്രചാരം 25 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പി ഒ എസ് ഉപയോഗവും ക്രമാനുഗതമായ വളര്‍ച്ചയിലാണ്. 2016-ല്‍ പി ഒ എസ് ടെര്‍മിനലുകള്‍ കേവലം രണ്ടുലക്ഷം ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് 35 ലക്ഷമായി ഉയര്‍ന്നു.

ഇന്ത്യയില്‍ 950 ദശലക്ഷം ഡെബിറ്റ് കാര്‍ഡ് ആണുള്ളത്. പണം കൊടുത്ത് ഇടപാടുകള്‍ നടത്തുന്നതിനേക്കാള്‍ ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡിലേയ്ക്ക് മാറുന്നതിന്റെ സൂചനയാണിതെന്ന് വിസഗ്രൂപ്പ്, ഇന്ത്യ സൗത്ത് ഏഷ്യ കണ്‍ട്രിമാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. 2019 ജനുവരി മുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചിപ്പ് നിര്‍ബന്ധമാക്കിയതോടെ കാര്‍ഡ് ഉപയോഗത്തിന്റെ സുരക്ഷിതത്വവും വര്‍ധിച്ചു. ഇതോടൊപ്പം പിന്‍ നമ്പറുകള്‍ കൂടി ഉപയോഗിക്കുമ്പോള്‍ തട്ടിപ്പ് തടയാന്‍ കഴിയും. തങ്ങളുടെ കാര്‍ഡ് ആരെങ്കിലും ദുരുപയോഗപ്പെടുത്തുന്നതും മോഷ്ടിക്കുന്നതും തടയാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിസ കോണ്‍ടാക്ട്‌ലെസ്സ് ഡെബിറ്റ് കാര്‍ഡ് വന്നതോടു കൂടി 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് കച്ചവടക്കാര്‍ക്ക് കാര്‍ഡ് നല്‌കേണ്ട കാര്യവുമില്ല. ഡാറ്റാ മോഷണത്തെ ഇത് കുറയ്ക്കുകയും ചെയ്യും. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് നടത്തുമ്പോള്‍ വെറിഫൈഡ് വിസ എന്ന പാസ് വേഡ് സുരക്ഷിതത്വ ആധികാരികതയാണ്. കാര്‍ഡിന്റെ പിന്‍വശത്തുള്ള മൂന്നക്ക സിവില്‍ നമ്പര്‍ കൊടുക്കുമ്പോള്‍ ബാങ്ക് തരുന്ന പാസ് വേര്‍ഡ് മറ്റൊരു ആധികാരികതയാണ്.ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് എസ് എം എസ് സേവനം പ്രയോജനപ്പെടുമ്പോള്‍ പിന്‍നമ്പറോ, സിവിവിയോ നല്‌കേണ്ടതില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു.

കാര്‍ഡ് ഉടമകളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുവാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ ടോക്കനൈസേഷന്‍ സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ കാര്‍ഡ് നമ്പറിനു പകരം ഡിജിറ്റല്‍ ടോക്കണ്‍ ലഭ്യമാക്കുന്നതാണ് ഈ പ്രക്രിയ. കാര്‍ഡ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ഒരിക്കലും ചോര്‍ത്താന്‍ കഴിയില്ലെന്നതാണ് ടോക്കനൈസേഷന്റെ പ്രത്യേകത. കാര്‍ഡ് ഹാക്ക് ചെയ്യാനും കഴിയില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു. 

Tags:    

Similar News