അഫ്ഗാന്‍ വ്യവസായികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ചൈന
അഫ്ഗാനിസ്ഥാനിലെ ചൈനീസ് അംബാസഡര്‍ വാങ് യുവും താലിബാന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയതെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാബൂള്‍: കാബൂളിലെ ചൈനീസ് എംബസി അഫ്ഗാന്‍ വ്യവസായികള്‍ക്ക് വിസ നല്‍കാന്‍ തയ്യാറെടുക്കുന്നതായി അഫ്ഗാനിസ്ഥാനിലെ ബെയ്ജിങ് പ്രതിനിധി സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലെ ചൈനീസ് അംബാസഡര്‍ വാങ് യുവും താലിബാന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയതെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂകമ്പ ദുരിതാശ്വാസം, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, അഫ്ഗാന്‍ വിദ്യാര്‍ഥികളെ ചൈനയിലേക്ക് തിരിച്ചയക്കല്‍ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ഖഹര്‍ ബല്‍ഖി ഞായറാഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞു.
യോഗത്തില്‍, അഫ്ഗാന്‍ വ്യവസായികള്‍ക്ക് ചൈനീസ് വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുത്തഖി ചൈനീസ് അംബാസഡറോട് ആവശ്യപ്പെട്ടു, നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പ്രതിനിധി പറഞ്ഞു.
ചൈനയുടെ ആദ്യ മാനുഷിക സഹായങ്ങള്‍ തിങ്കളാഴ്ച അഫ്ഗാനിസ്ഥാനില്‍ എത്തുമെന്ന് അംബാസഡര്‍ വാങ് അറിയിച്ചു.കഴിഞ്ഞയാഴ്ച പക്തിക പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. ഭൂകമ്പം മൂലം ദുരുതമനുഭവിക്കുന്ന അഫ്ഗാന് ചൈനീസ് സര്‍ക്കാര്‍ ഇതിനകം 7.5 മില്യണ്‍ ഡോളര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.