ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പരിശീലന പദ്ധതി നടപ്പാക്കുമെന്ന് എസ് ഹരികിഷോര്‍
നിരവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതില്‍ പലരും ശ്രദ്ധിക്കാറില്ല.സംരംഭകത്വം വളര്‍ത്താന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ എടുക്കും. സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍
കൊച്ചി: കൊവിഡാനന്തര കാലത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിച്ച് സാമൂഹ്യ സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്ന ലക്ഷ്യത്തിലൂടെ സംരംഭകത്വം വളര്‍ത്തുന്നതിനായി ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്് ഡയറക്ടര്‍ എസ് ഹരികിഷോര്‍ മുഖ്യാതിഥിയായിരുന്നു.കേരളത്തില്‍ ഒന്നര ലക്ഷത്തോളം എം എസ് എം ഇ യൂനിറ്റുകളാണുള്ളത്. ഇവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് എസ് ഹരികിഷോര്‍ പറഞ്ഞു. നിരവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതില്‍ പലരും ശ്രദ്ധിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംരംഭകത്വം വളര്‍ത്താന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ എടുക്കും. സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് ആവശ്യമില്ലെന്നതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കും. വ്യവസായങ്ങള്‍ തുടങ്ങാന്‍ ലൈസന്‍സ് എന്ന പ്രധാന കടമ്പ ലഘൂകരിക്കാന്‍ സാധിക്കുന്ന നിയമങ്ങളും സംവിധാനങ്ങളും നിലവിലുണ്ട്. ഇത് നടപ്പിലാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ടത്ര അനുഭവ പരിചയം ഇല്ലാത്തവര്‍ക്ക് പരിശീലനം നല്‍കുമെന്നും ഹരികിഷോര്‍ പറഞ്ഞു. സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന എട്ടോളം പദ്ധതികള്‍ നിലവിലുണ്ട്. സേവന മേഖലയിലും സബ്‌സിഡിയടക്കം ലഭ്യമാണെന്നും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ പിന്തുണയും സഹായവും ലഭ്യമാക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് അനുകൂലഘടകങ്ങള്‍ ഏറെയാണെന്ന് ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ ദീപക് അസ്വാനി പറഞ്ഞു. ഭക്ഷ്യ സംസ്‌ക്കരണം, ടെക്സ്റ്റയില്‍, അഗ്രോ വ്യവസായം തുടങ്ങിയ മേഖലകളില്‍ കേരളത്തിനെ ഏറെ നേട്ടം കൈവരിക്കാന്‍ ഏറെ സാദ്ധ്യതകള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ സംരംഭകത്വം വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊവിഡിന് ശേഷമുള്ള സാഹചര്യം പുതിയ സാദ്ധ്യതകള്‍ തുറന്നു തരുന്നതാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഗുര്‍ചരണ്‍ ചീമ അഭിപ്രായപ്പെട്ടു. ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായ സമയത്തും തൊഴില്‍ നഷ്ടവും സംരംഭകര്‍ക്ക് തിരിച്ചടിയും നേരിട്ടിരുന്നു. അതിന് സമാനമായ സാഹചര്യമാണ് കോവിഡ് സൃഷ്ടിച്ചത്. ശമ്പളം വെട്ടി കുറയ്ക്കലും തൊഴില്‍ നഷ്ടവും നികത്താനാവാത്ത നഷ്ടമാണ്. പക്ഷെ ആ നഷ്ടത്തില്‍ നിന്ന് കരകയറാനും തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാനും പുതിയ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ സംരംഭങ്ങള്‍ക്ക് ഏറെ സാധ്യതകളും അവസരങ്ങളും ഉണ്ടെന്നും അവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മൈക്രോ സംരംഭങ്ങള്‍ ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വേഗം അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയുക എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യേണ്ടതെന്ന് കേരള സ്‌റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ ദാമോദര്‍ അവനൂര്‍ പറഞ്ഞു. യു ട്യൂബില്‍ നിന്ന് പോലും വരുമാനം ഉണ്ടാക്കാവുന്ന സാഹചര്യം നിലവിലുണ്ട്. സംരംഭകത്വത്തിന് വളക്കൂറുള്ള നാടാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ വെല്ലുവിളികള്‍ സാധാരണമാണെന്നും ഇത് മറികടക്കാനുള്ള ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഏത് സംരംഭവും വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഡെന്റ്‌കെയര്‍ ഡെന്റല്‍ ലാബ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കുര്യാക്കോസ് പറഞ്ഞു.
കേരളത്തില്‍ തനിക്ക് എല്ലാ സഹായവും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയും ധനവിനിയോഗം ചിട്ടപ്പെടുത്തുകയും ചെയ്താല്‍ ഏത് സംരംഭവും വിജയിപ്പിക്കാമെന്നാണ് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര എം എസ് എം ഇ അസിസ്റ്റന്റ് ഡയറക്ടര്‍ യു സി ലച്ചിതമോള്‍, ഡിഐസി ഐഇഒ രാജേഷ് കെ കെ, സിഡ്ബി അസി.മാനേജര്‍ ബി അനൂപ്, കെഎഫ്‌സി മാര്‍ക്കറ്റിങ്ങ് &ബിസിനസ് ഡെവലപ്‌മെന്റ് മേധാവി വി എസ് പ്രകാശ്, ബാങ്ക് ഓഫ് ബറോഡ എസ് എംഇ സെല്‍ സീനിയര്‍ മാനേജര്‍ നന്ദകുമാര്‍,എസ് . രാംകുമാര്‍, ടി പുകള്‍, അജയന്‍ കെ അനാട്ട് , ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു പങ്കെടുത്തു.