സ്വര്‍ണക്കടത്ത്: മുഖം നോക്കാതെ കര്‍ശന നടപടിയെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍
കൊവിഡ് കാലത്തെ കള്ളക്കടത്തിനെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍.ഒരു വിട്ടുവീഴ്ചയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി:സ്വര്‍ണക്കടത്ത് അടക്കം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന രാജ്യാന്തര കള്ളക്കടത്തിനെതിരെ കസ്റ്റംസ് പ്രവന്റീവ് വിഭാഗം മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍.കൊവിഡ് കാലത്തെ കള്ളക്കടത്തിനെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കള്ളക്കടത്ത് പിടികൂടുന്ന കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള പ്രത്യക്ഷ നികുതി ബോര്‍ഡില്‍ നിന്ന് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഇതില്‍ നിന്ന് പിന്തിരിയുന്ന പ്രശ്നമില്ലെന്നും ഒരു വിട്ടുവീഴ്ചയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കള്ളക്കടത്ത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചാല്‍ അതിന് പിന്നില്‍ ആരായാലും അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് നടപടിയുണ്ടാകും. കള്ളക്കടത്ത് സിന്‍ഡിക്കേറ്റുകളുടെ നിയന്ത്രണത്തിലുള്ള വിതരണ ശൃംഖലകളെ സ്വര്‍ണ വ്യവസായ മേഖല വലിയ തോതില്‍ ആശ്രയിക്കുന്നുണ്ടെന്ന് സുമിത് കുമാര്‍ പറഞ്ഞു. കരമാര്‍ഗവും കടല്‍മാര്‍ഗവും നിലവിലുള്ള എല്ലാ ചാനലുകളെയും അവര്‍ കള്ളക്കടത്തിനായി ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണമാണ് സ്വര്‍ണക്കടത്തിനായി വിനിയോഗിക്കപ്പെടുന്നത്.
150 ടണ്‍ വരെ സ്വര്‍ണം കേരളത്തില്‍ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇത് എഴുപതിനായിരം കോടി വരെ രൂപയുടേതാണ്. ഉയര്‍ന്ന നികുതി നിരക്കാണ് സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണമെന്ന് പറയുന്നതില്‍ കാര്യമില്ല. ഇതിലും കൂടുതല്‍ ജി എസ് ടിയും കസ്റ്റംസ് ഡ്യൂട്ടിയും ഈടാക്കുന്ന ഉല്‍പന്നങ്ങളുണ്ട്.കള്ളക്കടത്ത് എല്ലാ കണ്ടെയ്നറുകളും കാര്‍ഗോ ബാഗേജുകളും പരിശോധിക്കാന്‍ കസ്റ്റംസിന് കഴിയില്ല.
വിപണിയിലേക്ക് എത്തുന്ന കള്ളക്കടത്ത് സാധനങ്ങളെല്ലാം പരിശോധിച്ച് കണ്ടെത്താനും കഴിയില്ല. എല്ലാ ഓഫീസര്‍മാര്‍ക്കും വിപണിയിലെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിയണമെന്നില്ല. ബന്ധപ്പെട്ട വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് കള്ളക്കടത്തിനെക്കുറിച്ച് കസ്റ്റംസിന് വ്യക്തമായ വിവരം നല്‍കാന്‍ സാധിക്കുക. അത് അവര്‍ തങ്ങളുടെ ഉത്തരവാദിത്തമായി കാണണം. എങ്കില്‍ മാത്രമേ ഓഫീസര്‍മാര്‍ക്ക് കാര്യക്ഷമമായി ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇതു സംബന്ധിച്ച് വ്യവസായ മേഖലയില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തി. ഐ ജി എസ് ശ്രീജിത്, ഫിക്കി കാസ്‌കേഡ് ചെയര്‍മാന്‍ അനില്‍ രജ്പുത്, ഫിക്കി കാസ്‌കേഡ് ഉപദേഷ്ടാവ് പി സി ത്ധാ, ഫിക്കി സംസ്ഥാന കോ ചെയര്‍മാന്‍മാരായ ദീപക് എല്‍ അസ്വാനി, ഡോ. എം ഐ സഹദുള്ള, വി എ യൂസഫ് ബിസ്മി, വി നൗഷാദ് വി കെ സി, ദിലീപ് നാരായണന്‍ മലബാര്‍ ഗ്രൂപ്പ്, വര്‍ക്കി പീറ്റര്‍ മേത്തേഴ്സ് അഗ്രോ ഫുഡ്സ്, പോള്‍ ഫ്രാന്‍സിസ് കെ എല്‍ എഫ് നിര്‍മല്‍ സംസാരിച്ചു.